ഒന്നരവര്‍ഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടൻ നശിപ്പിക്കും; ടെന്‍ഡര്‍ എടുത്ത കമ്പനിയുമായി ദേവസ്വംബോര്‍ഡ് ഉടൻ കരാർ ഒപ്പുവെക്കും; 6.65 കോടി രൂപയുടെ അരവണ നശിപ്പിക്കാന്‍ 1.15 കോടിയുടെ ടെന്‍ഡർ; ദേവസ്വംബോര്‍ഡിന് നഷ്ടം 7.80 കോടി

Spread the love

പത്തനംതിട്ട: ഒന്നരവര്‍ഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീര്‍ഥാടനകാലത്തിന് മുന്‍പ് നശിപ്പിക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് അംഗീകരിച്ചു.

ടെന്‍ഡര്‍ എടുത്ത കമ്പനിയുമായി ദേവസ്വംബോര്‍ഡ് കരാര്‍ വെക്കുന്നതോടെ സന്നിധാനത്തുനിന്ന് അരവണ നീക്കും. കേടായ അരവണ വളമാക്കും. എറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനി 1.15 കോടി രൂപയ്ക്കാണ് കരാര്‍ എടുത്തിരിക്കുന്നത്.

മൂന്ന് കമ്പനികളില്‍ എറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഈ കമ്പനിയാണ്. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് 2023 ജനുവരി 11നാണ് ഈ അരവണയുടെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍, അരവണയില്‍ ചേര്‍ത്ത എലയ്ക്കയില്‍ അളവില്‍ കൂടുതല്‍ കീടനാശിനി ഉണ്ടെന്ന് ഹര്‍ജിക്കാരന് തെളിയിക്കാന്‍ കഴിഞ്ഞില്ല. കേസ് തള്ളിപ്പോകുകയും ചെയ്തു. പക്ഷേ, മാസങ്ങള്‍ പലത് കഴിഞ്ഞതിനാല്‍ ആ അരവണ ഭക്തര്‍ക്ക് നല്‍കേണ്ട എന്ന് ദേവസ്വംബോര്‍ഡ് തീരുമാനിച്ചു.

6.65 കോടി രൂപ വിലവരുന്ന അരവണയാണ് വില്‍ക്കാന്‍ കഴിയാതെവന്നത്. ഇത് നശിപ്പിക്കാന്‍ 1.15 കോടി രൂപയുടെ ടെന്‍ഡറിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയത്. ഫലത്തില്‍ 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഉണ്ടാകുക.

മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള വലിയ ഹാളിലാണ് കേടായ അരവണ സൂക്ഷിച്ചിരിക്കുന്നത്. നവംബര്‍ 16നാണ് മണ്ഡലകാല ആരംഭം. അതിന് മുന്‍പ് അരവണ സന്നിധാനത്തുനിന്ന് നീക്കും. അരവണ എങ്ങനെ നശിപ്പിക്കും എന്ന കാര്യത്തിലും ടെന്‍ഡര്‍ നടപടിക്രമം വൈകിയതുമാണ് ഇത്രയും കാലതാമസം ഉണ്ടാക്കിയത്.

വനത്തില്‍ നശിപ്പിക്കാനായിരുന്നു ആദ്യം ആലോചന. എന്നാല്‍ വനനിയമങ്ങള്‍ തടസ്സമായതിനാല്‍ അടുത്തമാര്‍ഗമായി ടെന്‍ഡര്‍ വിളിക്കുകയായിരുന്നു. ടെന്‍ഡറില്‍ ആദ്യം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മാത്രമാണ് രംഗത്തുവന്നത്. ഒരു കമ്പനിമാത്രം വന്നതിനാല്‍ ലേലവ്യവസ്ഥ പ്രകാരം വീണ്ടും ടെന്‍ഡര്‍ വിളിച്ചു.

അപ്പോഴും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഹിന്ദുസ്ഥാന്‍ ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ രംഗത്തുവന്നു. അതില്‍ എറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനിയറിങ് സൊല്യൂഷന്‍സാണ്.