ശബരിമലയിൽ ദേവസ്വം ബോർഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇൻസിനേറ്ററുകളിലേക്ക് എത്തിയത് 1250 ലോഡ് മാലിന്യം;പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളിൽ മണിക്കൂറിൽ 700 കിലോ മാലിന്യം കത്തിക്കാനാവും;ഹോട്ടൽ മാലിന്യം തരം തിരിച്ചു നൽകാത്തതു വെല്ലുവിളിയാണ്.

Spread the love

സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിൽ ദേവസ്വം ബോർഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇൻസിനേറ്ററുകളിലേക്ക് ഈ സീസണിൽ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നു യൂണിറ്റ് ഇൻസിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂർവമായ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തിലും മാലിന്യനിർമാർജനം കാര്യക്ഷമമായി നടപ്പാക്കുന്നത്.
പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളിൽ മണിക്കൂറിൽ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറിൽ 300 കിലോ ശേഷിയുള്ള ഒരു ഇൻസിനേറ്ററുള്ള പ്ലാന്റും മണിക്കൂറിൽ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇൻസിനേറ്ററുകളുള്ള മറ്റൊരു പ്ലാന്റുമാണ് ഇവിടെയുള്ളത്. ശരാശരി 30 ട്രാക്ടർ ലോഡ് ദിവസവും ഇവിടെയെത്തുന്നുണ്ട്്. രണ്ടു പ്ലാന്റുകളിലുമായി മൂന്നുഷിഫ്റ്റുകളിലായി 66 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
മരക്കൂട്ടം മുതലുള്ള തീർഥാടന വഴിയിലെ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാനത്തിക്കുന്നത്. മാലിന്യങ്ങൾ വേർതിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിയും ഇൻസിനേറ്ററിൽ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാർഡ് ബോർഡും വേർതിരിച്ചുവയ്ക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തർ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവപാഴ്‌വസ്തുക്കളും കുഴിച്ചിടും.
ഭക്തർക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുവരുന്നത് വർധിച്ചുവരികയാണ്. ഹോട്ടൽ മാലിന്യം തരം തിരിച്ചു നൽകാത്തതും വെല്ലുവിളിയാണ്. ഏറ്റുമാനൂരിലും തിരുവനന്തപുരത്തും ഉള്ള കമ്പനികളാണ് ഇൻസിനേറ്ററിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്.