സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ മൂന്നു കേസിൽ ജാമ്യമെടുക്കാതെ മുങ്ങിനടന്ന യുവമോർച്ചാ നേതാവ് പ്രകാശ് ബാബു ഒടുവിൽ കുടുങ്ങി. തിരഞ്ഞെടുപ്പിന് മുൻപ് വാറണ്ട് കേസിൽ ജാമ്യം എടുക്കാൻ ചെന്ന പ്രകാശ് ബാബുവിനെ കോടതി ജാമ്യം നൽകാതെ റിമാൻഡ് ചെയ്യുകയായിരുന്നു.
കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡൻറുമായ അഡ്വക്കേറ്റ് പ്രകാശ് ബാബുവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. ഇതിനെതിരെ പ്രകാശ് ബാബു വെള്ളിയാഴ്ച ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകും.
ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബുവിൻറെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുൻപായി പത്രിക സമർപ്പിക്കണമെന്നിരിക്കെ കേസുകളിൽ ജാമ്യമെടുക്കാൻ വ്യാഴാഴ്ചയാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്.
ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.
ഇതിൽ മൂന്നെണ്ണത്തിൽ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറൻഡ് നിലനിൽക്കുന്നവർക്ക് പത്രിക നൽകാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് നിയമത്തിൽ പറയുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തപ്പെട്ട രണ്ട് കേസുകളിൽ പത്രിക സമർപ്പണത്തിന് മുൻപേ അതത് സ്റ്റേഷനുകളിലോ കോടതിയിലോ കീഴടങ്ങണം. എന്നാൽ മുൻകൂർ ജാമ്യ ഹർജി കൊടുക്കാത്തതിനാൽ കീഴടങ്ങിയാൽ കോടതി ജയിലിലേക്ക് അയക്കും. ഇതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറൻഡുകൾ വന്നിരിക്കുന്നത്. നിയമക്കുരുക്കിലാണെങ്കിലും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ കോഴിക്കോട് പ്രചാരണവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി റിമാൻഡിലായത്.