ശരണം വിളി മുഴക്കി പ്രതിഷേധവുമായി വിശ്വാസികൾ: ശബരിമല വിശ്വാസ സംരക്ഷണം കോട്ടയത്തും പ്രതിഷേധം
തേർഡ് ഐ ബ്യൂറോ
കോട്ടയം : സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളെ അണി നിരത്തി , തിരുനക്കരയിൽ വിശ്വാസികളുടെ പ്രതിഷേധ സംഗമം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കു പിന്നാലെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പ സംഗമവും , നാമജപ ഘോഷയാത്രയുമാണ് സംഘടിപ്പിച്ചത്. പ്രതിഷേധത്തിനു മുന്നോടിയായി ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ തിരുനക്കര ശിവ ശക്തി ഓഡിറ്റോറിയത്തിൽ തിരുനക്കര വിശ്വരൂപ ഭജൻസിന്റെ നേതൃത്വത്തിൽ ഭജനയും നടന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരത്തിലെ വീഥികളിലൂടെ അയ്യപ്പ ശരണം ഉറക്കെ ഉരുവിട്ടായിരുന്നു സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഘോഷയാത്രയിൽ അണി നിരന്നത്.
വീഥികള്‍ക്കിരുവശവും തടിച്ചു കൂടി നിന്ന ആയിരക്കണക്കിനാളുകള്‍ നാമജപഘോഷയാത്രയില്‍ അണിചേര്‍ന്നതോടെ വിശ്വാസ സാഗരങ്ങളുടെ മന്ത്രധ്വനികളുടെ അലയൊലികള്‍ നഗരത്തെ ഭക്തസാന്ദ്രമാക്കി. വിവിധ ഹൈന്ദവ സംഘടനകൾക്കൊപ്പം ശബരി മഹാസഭ യാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനൊപ്പം ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഒപ്പ് ശേഖരണവും നടത്തി.
രാവിലെ തിരുനക്കരയിൽ ആരംഭിച്ച പ്രതിഷേധ അയ്യപ്പ സംഗമത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, നഗരസഭ അംഗവും ബി ജെ പി നേതാവുമായ ടി.എൻ ഹരികുമാർ, ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ.ഹരി , മധ്യമേഖല സെക്രട്ടറി നാരായണൻ നമ്പൂതിരി , എം.എസ് കരുണാകരൻ , എസ് എൻ ഡി പി യുണിയൻ പ്രസിഡന്റ് എം മധു , സി.എൻ സുഭാഷ് , മോഹൻ കെ നായർ എന്നിവർ പങ്കെടുത്തു.
ശബരി ധർമ്മ സഭ പ്രസിഡന്റ് ജയൻ തടത്തും കുഴി അദ്ധ്യക്ഷത വഹിച്ചു . പ്രസിഡന്റ് ശങ്കർ സ്വാമി സ്വാഗതം പറഞ്ഞു. രേണുകാ വിശ്വനാഥൻ സഭ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ആർഷ ഭാരത വിദ്യാപീഡം ഡയറക്ടർ ആചാര്യ കെ ആർ ജി മനോജ് മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ സിന്ധു മനോജ് പൈ, അഡ്വ.അനിൽ ഐക്കര എന്നിവർ പ്രസംഗിച്ചു
തിരുനക്കരയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പോസ്റ്റ് ഓഫിസ് ജംഗ്ഷൻ വഴി ബേക്കർ ജംഗ്ഷനിലെത്തിയ ഘോഷയാത്ര എം.സി റോഡ് വഴി സെൻട്രൽ ജംഗ്ഷനിലൂടെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം എത്തി. തുടർന്ന് ടി ബി ജംഗ്ഷനിൽ എത്തിയ ഘോഷയാത്ര കൈ റോഡിലൂടെ സ്റ്റാർ ജംഗ്‌ഷൻ , പുളിമൂട് ജംഗ്ഷൻ വഴി തിരുനക്കര ക്ഷേത്ര മൈതാനത്ത് എത്തി സമാപിച്ചു.