നടയടയ്ക്കും മുൻപ് മലകയറണം: രേഷ്മയും ഷാനിലയും നിരാഹാരത്തിൽ; ഓപ്പറേഷൻ അയ്യപ്പനൊരുങ്ങി പൊലീസ്

നടയടയ്ക്കും മുൻപ് മലകയറണം: രേഷ്മയും ഷാനിലയും നിരാഹാരത്തിൽ; ഓപ്പറേഷൻ അയ്യപ്പനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ

പമ്പ: ബിന്ദുവിനെയും കനക ദുർഗയെയും മല കയറ്റിയതിനു സമാനമായി ഓപ്പറേഷൻ അയ്യപ്പയ്ക്കൊരുങ്ങി കേരള പൊലീസ്. പ്രതിഷേധത്തെ തുടർന്ന് മല കയറാനാവാതെ മടങ്ങിയ രേഷ്മ നിഷാന്തിനെയും ഷാനിലയെയും മല കയറ്റാനാണ് പൊലീസ് ഒരുങ്ങുന്നത്. 104 ദിവസം കഠിന വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ പുറപ്പെട്ടത്. ഇപ്പോള്‍ തിരികെ ഇറങ്ങേണ്ടി വന്നിരിക്കുന്നു. എന്തായാലും ഇനി അയ്യപ്പ ദര്‍ദശനം നടത്തും വരെ നിരാഹാരമെന്ന നിലപാടിലാണ് രേഷ്മയും ഒപ്പമുള്ള ഷാനിലയും.
ഇനി രണ്ടു ദിവസം മാത്രമാണ് ശബരിമല നട അടയ്ക്കാന്‍ ശേഷിക്കുന്നത്. അതിനു മുന്‍പ് എങ്ങനെയും അയ്യപ്പനെ കണ്ട് തൊഴുമെന്ന ഉറച്ച നിലപാടിലാണ് രേഷ്മ ഇപ്പോള്‍. യുവതികളെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഏഴു പുരുഷന്മാര്‍ക്കൊപ്പം ഒമ്പതംഗ സംഘമായിട്ടാണ് രേഷ്മാ നിഷാന്തും ഷാനില സജേഷും ശബരിമല ദര്‍ശനത്തിന് എത്തിയത്. നീലിമലയില്‍ വെച്ച് ഇവര്‍ തടയപ്പെടുകയായിരുന്നു. ആദ്യം പത്തോ ഇരുപതോ പേര്‍ ചേര്‍ന്ന് ഇവരെ തടയുകയും പിന്നീട് ഈ സംഘത്തിലേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുകയുമായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ എത്തിയ ഇവരെ നീലിമലയില്‍ വെച്ചാണ് മലയിറങ്ങിയ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞത്.
ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികളും കടത്തിവിടില്ലെന്ന് ഭക്തരും നിലപാട് എടുത്തതോടെ കുടുങ്ങിപ്പോയ പോലീസ് പിന്നീട് മുമ്പോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ യുവതികളെ പോലീസ് നിര്‍ബ്ബന്ധപൂര്‍വ്വം മാറ്റുകയായിരുന്നു. നേരത്തേ നിലയ്ക്കല്‍ വരെ കെഎസ്ആര്‍ടിസി ബസില്‍ എത്തിയ അവര്‍ക്ക് അവിടെ നിന്നും സംരക്ഷണം നല്‍കാമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംഘം പമ്പ വരെ എത്തുകയും അവിടെ ആദ്യ പ്രതിഷേധം നേരിടുകയുമായിരുന്നു.
ആദ്യ എതിര്‍പ്പിനെ മറികടന്ന് മുമ്പോട്ട് പോയെങ്കിലും നീലിമലയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അവിടെ നിന്നും ഒരടി മുമ്പോട്ട് പോകാനായില്ല. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് സുരക്ഷാവലയം തീര്‍ത്തു.
മടങ്ങിപ്പോകില്ലെന്ന് യുവതികള്‍ നിലപാട് എടുത്തപ്പോള്‍ ഇവരുമായിട്ടല്ലാതെ മുമ്പോട്ട് പോകില്ലെന്ന നിലപാടില്‍ കൂട്ടത്തിലുള്ള ഏഴു പുരുഷന്മാരും ഉറച്ചു നിന്നു. ഇതോടെ ഭക്ത പ്രതിഷേധവും കടത്തു.
താന്‍ തന്റെ ദൈവത്തെ കാണാന്‍ എല്ലാ ഭക്തരേയും പോലെ വ്രതം നോറ്റാണ് എത്തിയിരിക്കുന്നത്. വ്രതത്തില്‍ ആയതിനാല്‍ തനിക്ക് ഇപ്പോള്‍ സാധാരണ ജീവിതം സാധ്യമല്ല. 104 ദിവസം നീണ്ട വ്രതം നോറ്റാണ് എത്തിയത്. ഇനി അയ്യപ്പദര്‍ശനം നടത്തി മാലയൂരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ തന്റെ ആചാരം സംരക്ഷണത്തിന് എന്താണ് താന്‍ ചെയ്യേണ്ടതെന്ന് ആചാര സംരക്ഷകര്‍ എന്നു പറയുന്നവര്‍ പറഞ്ഞു തരണമെന്നും രേഷ്മ പറയുന്നു. അയ്യപ്പന് സ്ത്രീകള്‍ കയറുന്നതിന് തടസ്സമില്ലെന്നും അതു കൊണ്ടാണ് ഇത്രയും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും രേഷ്മ പറഞ്ഞു. അയ്യപ്പന്‍ അറിയാതെ ആരും അവിടെ കയറില്ല. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അയ്യപ്പന് എതിര്‍പ്പില്ലെന്നും രേഷ്മാ നിഷാന്ത് പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ദര്‍ശനം നടത്താമെന്ന് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ മാലയിട്ട് വ്രതമെടുത്തതാണ് കണ്ണൂര്‍ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത്. അന്നു മുതല്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ക്ക് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും നേരിടേണ്ടി വന്നത്.
ഇതിനിടെ, ദര്‍ശനം തേടിയുള്ള രേഷ്മയുടെ ആദ്യയാത്ര കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ അവസാനിച്ചു. ഒപ്പം സിപിഎം കുടുംബാംഗം കൂടിയായ രേഷ്മയോട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ദര്‍ശനം മാറ്റിവെക്കാന്‍ പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധം കനത്തതോടെ കണ്ണൂര്‍ തളിപ്പറമ്പിലെ സ്വകാര്യ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ രേഷ്മയ്ക്ക് ജോലിയും രാജിവെക്കേണ്ടി വന്നിരുന്നു.