play-sharp-fill
വീണ്ടും വിമോചന സമരത്തിന് കളമൊരുങ്ങുന്നു: സർക്കാരിനെ അട്ടിമറിക്കാൻ എൻഎസ്എസും ചങ്ങനാശേരി അതിരൂപതയും കൈ കോർക്കുന്നു: ശബരിമലയിൽ തെളിഞ്ഞ തീ സർക്കാരിനെ അട്ടിമറിക്കാൻ

വീണ്ടും വിമോചന സമരത്തിന് കളമൊരുങ്ങുന്നു: സർക്കാരിനെ അട്ടിമറിക്കാൻ എൻഎസ്എസും ചങ്ങനാശേരി അതിരൂപതയും കൈ കോർക്കുന്നു: ശബരിമലയിൽ തെളിഞ്ഞ തീ സർക്കാരിനെ അട്ടിമറിക്കാൻ

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: വിമോചന സമരത്തിന്റെ അറുപതാം വർഷത്തിൽ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു അട്ടിമറി സമരമെന്ന് സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ സമരത്തിനൊരുങ്ങിയ എൻഎസ്എസും, ക്രൈസ്തവ സഭകളും ആർഎസ്എസും പ്രതിപക്ഷവും കൈ കോർക്കുന്നതോടെ കളമൊരുങ്ങുന്നത് ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള മറ്റൊരു വിമോചന സമരത്തിനാണ്. ചങ്ങനാശേരി രൂപതാ അദ്ധ്യക്ഷൻ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ഓഫിസിലെത്തി സന്ദർശിച്ച് ശബരിമല വിഷയത്തിൽ പിൻതുണ നൽകിയതോടെയാണ് മറ്റൊരു വിമോചന സമരത്തിനു കളമൊരുങ്ങുന്നതായുള്ള സൂചന ലഭിച്ചത്. അന്ന് ജവഹർലാൽ നെഹ്‌റു ലോകത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ഒപ്പിട്ടെങ്കിൽ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആർഎസ്എസിനും ആ ദൗത്യത്തിന്റെ പിൻപറ്റാൻ സാധിക്കുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്.
ശബരിമലയിലെ സുപ്രീം കോടതിവിധിയ്ക്ക് പിന്നാലെ തന്റെ വ്ിശ്വാസം സംരക്ഷിക്കാൻ രംഗത്തിറങ്ങിയ എൻഎസ്എസ്, ആദ്യ ഘട്ട സമരത്തിനു ശേഷം ആർഎസ്എസിന്റെ തോളോടു തോൾ ചേർന്നു നിന്നാണ് സമര രംഗത്ത് സജീവമായത്. അയ്യപ്പജ്യോതി തെളിയിക്കാനും മറ്റു പ്രതിഷേധ സമരങ്ങളിലും ആർഎസ്എസിന്റെയും, ആർഎസ്എസിൽ പൊതിഞ്ഞ രൂപമായ അയ്യപ്പകർമ്മ സമിതിയ്ക്കും എൻഎസ്എസ് ശക്തമായ പിൻതുണ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ആസ്ഥാനത്ത് എത്തി ചങ്ങനാശ്ശേരി രൂപതാ സഹയാമെത്രാൻ സന്ദർശിച്ച് പിൻതുണ അറിയിച്ചത്.
ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുള്ള കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനും ഹൈന്ദവസമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായാണ് താൻ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതെന്ന് ചങ്ങനാശേരി അതിരൂപതാ പ്രതിനിധി മാർ തോമസ് തറയിൽ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ പ്രതിനിധികളാണ് എൻഎസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരൻ നായരെ സന്ദർശിച്ച് പിൻതുണ അറിയിച്ചത്. പൊതുസമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങൾ ചെയ്ത സേവനങ്ങൾ വലുതാണെന്നും ഈ വിഭാഗങ്ങളെ മാറ്റിനിർത്തി കേരളചരിത്രവും നവോത്ഥാനവും വിലയിരുത്തുന്നത് വികലമായിരിക്കുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.
അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്, രൂപതാ ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി.സി.അനിയൻകുഞ്ഞ് എന്നിവരും സഹായമെത്രാനൊപ്പമുണ്ടായിരുന്നു. ശബരിമലയിൽ അതിശക്തമായി മുന്നോട്ട് പോകാൻ എൻ എസ് എസിന് കരുത്ത് പകരുന്നതാണ് ചങ്ങനാശ്ശേരി രൂപതയുടെ ഇടപെടൽ. നിർണ്ണായക വിഷയത്തിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ലഭിക്കാത്ത പിന്തുണയുമായി ന്യൂനപക്ഷ സമുദായം ഓടിയെത്തിയതാണ് വിമോചന സമരകാലത്തെ ഓർമക്കളിലേക്ക് കേരളത്തെ വീണ്ടുമെത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഓർഡിനൻസ് കൊണ്ടു വന്ന് ശബരിമലയിൽ ആചാര സംരക്ഷണത്തിനാണ് എൻ എസ് എസ് ശ്രമം.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഉറച്ച നിലപാടിന് പിന്നിൽ സിപിഎമ്മിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സംഘർഷങ്ങളിലൂടെ പരിവാറുകാർ ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ ഇടതു പക്ഷത്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. യുഡിഎഫ് വോട്ട് ബാങ്കുകളെ പൊളിച്ചെഴുതാനുള്ള നീക്കം. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികളെല്ലാം ഒന്നാണെന്ന സൂചനയാണ് കത്തോലിക്കാ സഭകൾ നൽകുന്നത്. വിശ്വാസികൾക്കൊപ്പമാണ് സഭയും. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ സർക്കാരിന് കിട്ടില്ലെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളും നൽകുന്ന സൂചന. ശബരിമലയിലെ സ്ഥിതി മതവിശ്വാസികളെ ഒന്നാകെ ആകുലപ്പെടുത്തുന്നതാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നത്. ഈ സാഹചര്യത്തിലാണ് സഹായമെത്രാൻ പെരുന്നയിൽ എത്തിയത്.


തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. ചിരപ്രതിഷ്ഠ നേടിയ വിശ്വാസപ്രമാണങ്ങളെയും ശിക്ഷണക്രമങ്ങളെയും ബാഹ്യസമ്മർദ്ദങ്ങളും അധികാരവുമുപയോഗിച്ച് താറുമാറാക്കാൻ ശ്രമിക്കുന്നത് പൊതുസമാധാനത്തിന് വിഘാതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ക്രൈസ്തവരുടെ നിലപാട് പ്രഖ്യാപനമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. വനിതാ മതിലിൽ യാക്കോബായ സഭക്കാരുടെ പ്രാതിനിധ്യം സർക്കാരിന് കഴിഞ്ഞിരുന്നു. ഇതോടെ ന്യൂനപക്ഷങ്ങളെല്ലാം സർക്കാരുമായി അടുക്കുന്നുവെന്ന വാദവുമെത്തി. ഇതിനിടെയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിലപാട് വിശദീകരിച്ചെത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്നതിന് ഭരണകർത്താക്കളും മതവിഭാഗങ്ങളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇതോടെ ശബരിമലയിൽ ന്യൂനപക്ഷങ്ങളും വിശ്വാസ സംരക്ഷണത്തിനാണ് മുൻതൂക്കം നൽകുന്നതെന്നാണ് വ്യക്തമാകുന്നത്. വനിതാ മതിലിനെതിരെ വിമർശനവുമായി കെസിബിസി നേരത്തെ രംഗത്ത് വന്നിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കണമെന്നും കെസിബിസിയും വ്യക്തമാക്കിയിരുന്നു.
അറുപത് വർഷം മുൻപ് 1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു. സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇംഎംഎസ് മന്ത്രിസഭയെ പുറത്താക്കും വരെ വിമോചന സമരം തുടർന്നു. മന്നവും ക്രൈസ്തവ നേതാക്കളുമായിരുന്നു സമരത്തിന്റെ മുൻ നിരയിൽ. ഈ ചരിത്രത്തെ ഓർമിപ്പിക്കുന്ന കൂടുക്കാഴ്ചയാണ് ഇന്നലെ പെരുന്നയിൽ നടന്നത്. സുകുമരാൻ നായർക്ക് പിന്തുണയുമായി ക്രൈസ്തവസഭാ അധ്യക്ഷൻമാർ എത്തിയത്.
1957 ൽ കേരളത്തിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ വി.കെ. കൃഷ്ണമേനോൻ, കേരളത്തിലെ രാഷ്ട്രീയസ്ഥിതി തീരെ മോശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി. വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഭരണഘടനാനുസൃതമായ ഭരണം അസാദ്ധ്യമാണെന്ന ഗവർണ്ണർ കൃഷ്ണറാവുവിന്റെ റിപ്പോർട്ടിനെ തുടർന്ന്, ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് കേരളത്തിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. എന്നാൽ, ഇന്നത്തെ വിമോചന സമരം ഏത് രീതിയിലാവുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.