video
play-sharp-fill
സർക്കാർ തെറ്റുതിരുത്തി മാപ്പ് പറയണം: അനിൽ ഐക്കര

സർക്കാർ തെറ്റുതിരുത്തി മാപ്പ് പറയണം: അനിൽ ഐക്കര

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ ആചാര ലംഘനം നടത്തി അയ്യപ്പ ഭക്തരുടെ ഹൃദയത്തിനു ആഴത്തിൽ മുറിവേൽപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തരോട് മാപ്പപേക്ഷിച്ച് തെറ്റു തിരുത്തുന്നതാണ് ഉചിതമായ നടപടിയെന്ന് അഭിഭാഷകപരിഷത്ത് കോട്ടയം ജില്ലാ അദ്ധ്യക്ഷൻ അഡ്വ. അനിൽ ഐക്കര അഭിപ്രായപ്പെട്ടു. അധികാര ദുർവ്വിനിയോഗത്തിന്റെയും കടുത്ത ഏകാധിപത്യ പ്രവണതയുടെയും മൂർധന്യാവസ്ഥയിലൂടെയാണ് കേരള ഭരണകൂടം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ ഭരണത്തിൽ ഇത്തരം അധികാര ധാർഷ്ട്യങ്ങൾ കുറ്റകരമായ അനാസ്ഥയും സമൂഹത്തെ കലാപത്തിലേക്ക് തള്ളിവിടുന്നതുമാണ്.

വിശ്വാസം ഏതു വിധത്തിലുള്ളതായാലും മാനിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ഒരു കോടതി വിധിയിൽ സംഭവിച്ച ഭരണഘടനാ പരമായ ധാർമികതയെ നിർവ്വചിക്കുന്നതിലെ വീഴ്ച പുനപ്പരിശോധിക്കുന്നതിനു അതേ കോടതി തന്നെ തീരുമാനമെടുത്തിട്ടുള്ള സ്ഥിതിയ്ക്ക് ആ റിവ്യൂ വിധി വരുന്നതു വരെയെങ്കിലും ഒരു സർക്കാർ കാത്തിരിക്കുന്നതാണ് നിയമപരവും ധാർമ്മികവുമായ മര്യാദ. ഒരു കേസ് നിലവിൽ ഇരിക്കുമ്പോൾ ഒരു സർക്കാരും ധാർഷ്ട്യം നടപ്പിലാക്കാറില്ല. നല്പത്തിരണ്ട് വർഷമായി നടപ്പാക്കാത്ത വിധികളും, ഒറ്റരാത്രി കൊണ്ട് പുതിയ ഓർഡിനൻസ് വഴി അട്ടിമറിക്കപ്പെട്ട വിധികളും നമ്മുടെ നാട്ടിലുണ്ട്. അത്തരം സാമാന്യമായ അവകാശങ്ങൾ പോലും ഒരു ഭൂരിപക്ഷ സമൂഹത്തിലെ വിശ്വാസി സമൂഹത്തിനു ലഭിക്കാതിരിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതു പക്ഷത്തിലെ അവിശ്വാസി സമൂഹത്തെ ഭരണകൂടങ്ങൾ ബഹുമാനിക്കുന്നതു പോലെയും, ഭാരതത്തിലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ ഭൂരിപക്ഷ സമൂഹം ബഹുമാനിക്കുന്നതു പൊലെയും കേരളത്തിലെ അയ്യപ്പ ഭകതരുടെ വികാരങ്ങളെ അവിശ്വാസികളും ഇതര മതസ്ഥരും ബഹുമാനിക്കുന്നിടത്താണ് യഥാർത്ഥ സർവ്വ ധർമ്മ സമഭാവനയെന്ന ഇന്ത്യൻ സെക്കുലറിസം നടപ്പാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൈവെട്ടിക്കളഞ്ഞും, ആത്മഹത്യാ ഭീഷണി മുഴക്കിയും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന തീവ്ര ചിന്താഗതികളോട് സന്ധി ചെയ്യുന്നതേക്കാളും എത്രയോ മികച്ച രീതിയിൽ ഈ സമാധാനപരമായ സമരത്തെ നേരിടാമായിരുന്നു എന്ന് സർക്കാർ ആലോചിക്കണം..

അതിനു പകരം, വിശ്വാസി സമൂഹത്തെ പലവിധത്തിൽ അധികാര ദുർവ്വിനിയോഗത്തിലൂടെ കൈയ്യിലെടുക്കുകയും, അല്ലാത്തവർക്കെതിരെ അതിരില്ലാത്ത വിധം ഏകപക്ഷീയമായി ക്രിമിനൽ കേസുകൾ എടുക്കുകയും ചെയ്തതിനു ശേഷമുള്ള ഈ അർദ്ധരാത്രിയിലെ കടന്നു കയറ്റം എല്ലാ തരംവിശ്വാസി സമൂഹത്തെയും ആകമാനം ഞെട്ടിക്കുകയും രോഷാകുലരാക്കുകയും ചെയ്തിരിക്കുന്നു. ഇത് അനാചാരമല്ലെങ്കിൽ കൂടി, മാറ്റേണ്ടത് എത്ര നികൃഷ്ടമായ അന്ധവിശ്വാസം തന്നെ ആയിക്കൊള്ളട്ടെ, പരിഷകരിക്കപ്പെടേണ്ടത് ഒറ്റ രാത്രിയിലെ ക്രൂരമായ അതിക്രമത്തിലൂടയാവരുത്. നിയമ വ്യവസ്ഥയിലെ സമാധാനപരമായ സഹവർത്തിത്വം ഒളിപ്രവർത്തനങ്ങളിലൂടെ ഇല്ലാതാക്കുകയല്ല ഒരു സർക്കാർ ചെയ്യേണ്ടത്.

ഇതുവരെയും ഏറ്റവും സമാധാനപരമായി നാമജപം ചെയ്തവരാണ് അയ്യപ്പ വിശ്വാസി സമൂഹമെന്ന് സർക്കാർ തിരിച്ചറിയണമായിരുന്നു. അക്രമങ്ങളിലൂടെയുള്ള സമരങ്ങൾ മാത്രമെ പരിഗണിക്കപ്പെടുകയുള്ളു എന്നു വരുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല. ഒറ്റപ്പെട്ട ഒന്നോ രണ്ടോ രോഷപ്രകടനങ്ങൾ ഒഴിച്ചാൽ ഈ മൂന്നു മാസക്കാലയളവിൽ അയ്യപ്പ വിശ്വാസി സമൂഹം എത്രയോ സമാധാനപരമായാണു നാമജപ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ളത്. അവർക്കെതിരെ എല്ലാ വിധ അടിച്ചമർത്തലുകളും പ്രയോഗിച്ചിട്ടും മണ്ഡലക്കാലം മുഴുവൻ പരിശ്രമിച്ചിട്ടും ഒരു യുവതി പോലും സന്നിധാനത്ത് കയറിയില്ല, മുൻപെങ്ങും ഒരിടത്തും കണ്ടിട്ടില്ലാത്ത വിധം സമാധാനപരമായി ഒരു വിമാനത്താവളത്തിൽ നിന്നു പുറത്തു വരാനാവാത്ത വിധം ഒരു സംഘം യുവതികൾ തിരിച്ചു പോകുവാനിടവന്നത് ഭകതരുടെ ശകതമായ ഇച്ഛാശക്തി മൂലമാണ്. സർക്കാർ അതു മാനിക്കണമായിരുന്നു. അക്രമമാണു യഥാർത്ഥ സമരമെന്ന സന്ദേശം ഒരു സർക്കാരും മുന്നോട്ട് വയ്ക്കരുത്.

മുറിവേൽപ്പിച്ചതിനു ശേഷവും, ചരിത്രപരമെന്നും അതുല്യ നേട്ടമെന്നും ആ പ്രവൃത്തിയെയും മറ്റും വിശേഷിപ്പിച്ച് വീണ്ടും വീണ്ടും ഭകതരുടെ മനസ്സിൽ മുറിവേൽപ്പിക്കുകയാണു സർക്കാർ ചെയ്യുന്നത്. പരിഹാരക്രിയകളോടു പോലും നിഷേധാത്മക സമീപനം പുലർത്തുന്ന സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി തെറ്റു തിരുത്തി ഒരു ജനതയോട് മാപ്പു പറഞ്ഞ് പുതിയ സുപ്രീം കോടതി വിധി വരും വരെ നിയന്ത്രിത വനിതാ പ്രവേശനത്തിലേക്ക് മടങ്ങി കേരളത്തെ സമാധാനപരമായ കാലത്തേക്ക് തിരികെ കൊണ്ടു വരാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലെങ്കിൽ മുൻപുണ്ടായിരുന്ന വിധി തിരുത്തപ്പെട്ടാൽ ഒരിക്കലും തിരുത്താനാവാത്ത മുറിവുകൾ ഈ അധികാര ദുർവ്വിനിയോഗം മൂലം അയ്യപ്പ ഭക്ത സമൂഹത്തിനുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.