
ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ചക്കേസിലെ പ്രതി മുരാരി ബാബു പെരുന്നയിൽ വീടു നിർമിച്ചത് സ്വർണപ്പാളി കടത്തിയ അതെ സമയത്ത്. വീട് നിർമാണത്തിന്റെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം. ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികൾ വാങ്ങിയതെന്നു സൂചനയുണ്ട്.
തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികൾക്കായി തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്.
അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയിൽനിന്ന് ഏർപ്പാടാക്കാൻ മുരാരി ബാബു ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതനുസരിച്ച് ഈ ഡിപ്പോയിൽനിന്നു നൽകി. തിരുനക്കരയിലും ഏറ്റുമാനൂരിലും ഈ സമയത്ത് ഇത്രയധികം തടിപ്പണികൾ നടന്നിട്ടില്ലെന്നു ദേവസ്വം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറാനായി പാഴ്ത്തടിയാണ് എത്തിച്ചത്. ഉപദേശകസമിതി എതിർത്തതിനാൽ പണി നടത്തിയില്ല.
പെരുന്നയിൽ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവർഷം കൊണ്ടു പണിതീർത്തു. ശബരിമലയിൽനിന്നു സ്വർണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടിൽ പരിശോധന നടത്തി.
വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികൾ പാകിയിട്ടുണ്ട്. ഈ വീട്ടിൽനിന്നാണു ബുധനാഴ്ച രാത്രി മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്.



