ശബരിമല ക്ഷേത്രം കേന്ദ്ര നിയന്ത്രണത്തിലേയ്ക്ക്: എരുമേലിയിൽ വിമാനത്താവളം ഉടൻ; എല്ലാ ദിവസവും നട തുറന്നേയ്ക്കും: വൻ മാറ്റങ്ങൾക്കൊരുങ്ങി ബിജെപി സർക്കാർ
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ശബരിമലയിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ പിടിമുറുക്കാനൊരുങ്ങി ബിജെപിയും കേന്ദ്ര സർക്കാരും. നിലവിലെ സാഹചര്യത്തിൽ പ്രത്യേക ഓർഡിനൻസ് ഇറക്കി ശബരിമല ക്ഷേത്രത്തിന്റെ ഭരണം കേന്ദ്ര ബോർഡിന്റെ കീഴിലാക്കി മാറ്റണമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും നിയന്ത്രണം മറികടക്കാനുള്ള നിർദേശവും ആർഎസ്എസ് നേതൃത്വം കേന്ദ്ര സർക്കാരിനു നൽകിയിട്ടുണ്ട്. പൈതൃക സ്ഥാപനങ്ങളുടെയും, വനത്തിനുള്ളിലിരിക്കുന്ന ക്ഷേത്രങ്ങളുടെയും അവകാശം കേന്ദ്ര വനം പരിസ്ഥിതി പൈതൃക മന്ത്രാലയത്തിന്റെ സഹായത്തോടെ ഏറ്റെടുക്കാമെന്ന നിർദേശമാണ് ആർഎസ്എസ് നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക ബോർഡ് രൂപീകരിച്ച് ശബരിമല ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്താൽ കേരളത്തിലെ ഹിന്ദുക്കളുടെ വോട്ട് ബിജെപിയ്ക്കു നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർഎസ്എസിന്റെ നിർദേശത്തെ തുടർന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്റെ നിയന്ത്രണത്തിലുള്ള മൂന്നംഗ സംഘത്തെ ശബരിമലയിലേയ്ക്ക് ഇപ്പോൾ അയച്ചിരിക്കുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ബിജെപി നേതൃത്വം കൂടുതൽ തീരുമാനങ്ങളിലേയ്ക്ക് കടക്കുകയെന്നാണ് ലഭിക്കുന്ന സൂചനകൾ.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംഘപരിവാർ സംഘടനകൾ നടത്തിയ സമരം അതിന്റെ ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ ശബരിമലയുടെ നിയന്ത്രണം പൂർണമായും കേന്ദ്ര സർക്കാരിന്റെ കീഴിൽ വരണമെന്നാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന നിർദേശം. സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ദേശീയ മാധ്യമങ്ങൾ അടക്കം കാനനത്തിനു നടുവിലുള്ള ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ വെളിപ്പെടുത്തി വിവിധ വാർത്തകൾ ചെയ്തിരുന്നു. ഇതോടെ ദേശീയ തലത്തിൽ തന്നെ ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തി വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത സീസൺ മുതൽ ഉത്തരേന്ത്യയിൽ നിന്നടക്കം കൂടുതൽ ഭക്തർ സന്നിധാനത്തേയ്ക്ക് ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന എരുമേലി വിമാനത്താവളം എന്ന പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് ഉറപ്പാണ്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെ പുതിയ വിമാനത്താവളം എരുമേലിയിലെ എസ്റ്റേറ്റിൽ ഉയരുമെന്ന് ഉറപ്പാണ്. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുപ്പാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. നിർദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം നിലവിൽ കോടതിയിൽ തർക്കത്തിലിരിക്കുന്ന ഭൂമിയാണ്. അതുകൊണ്ടു തന്നെ സ്ഥലത്തിന്റെ വിലയ്ക്ക് തതുല്യമായ തുക കോടതിയിൽ കെട്ടിവച്ചെങ്കിൽ മാത്രമേ സ്ഥലം വിട്ടു നൽകൂ. അല്ലെങ്കിൽ കേസ് തീരും വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ, കേന്ദ്ര സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം നടപ്പാക്കാൻ മുന്നോട്ടു വന്നാൽ, ഇത് പുതിയ നീക്കമാവും.
കേന്ദ്രത്തിന്റെ കൈവശമുള്ള വൻകിട കോർപ്പറേറ്റുകളിൽ ആരെങ്കിലും ആകും വിമാനത്താവളം ഏറ്റെടുക്കാൻ എത്തുക. കേന്ദ്ര ഭരണത്തിൻ കീഴിലേയ്ക്ക് ശബരിമല കൂടി എത്തിയാൽ വിമാനത്താവളം ഏറെ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി തെളിയുമെന്ന് ഉറപ്പാണ്. ശബരിമലയിലേയ്ക്ക് കൂടുതൽ വിശ്വാസികളെയും തീർത്ഥാടകരെയും എത്തിക്കുന്നതിനായി എല്ലാ ദിവസവും നട തുറന്ന് ഇടുന്നത് വരെ ആവശ്യമെങ്കിൽ ചർച്ച ചെയ്യുമെന്ന് ബിജപി കേന്ദ്ര നേതൃത്വത്തിൽ നിന്നു സൂചന ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് അടക്കമുള്ള കാര്യങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രി കുടുംബം അടക്കമുള്ളവരോട് ചർച്ച ചെയ്ത ശേഷം മാത്രമേ സാധിക്കൂ എന്നും ഇവർ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ ശബരിമല വിഷയം ബിജെപിയ്ക്ക് വെറും രാഷ്ട്രീയ അജണ്ട മാത്രമല്ലെന്നാണ് വ്യക്തമാകുന്നത്. ആർഎസ്എസും ബിജെപിയും ശബരിമലയെ സാമ്പത്തിക ലക്ഷ്യത്തോടു കൂടിയാണ് നോക്കിക്കാണുന്നതെന്നു കൂടിയാണ് ഇപ്പോഴത്തെ നീക്കങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ഇനി കേന്ദ്ര സർക്കാരിന്റെ ശബരിമലയിലേയ്ക്കുള്ള നീക്കം എന്താണെന്നാണ് ഉറ്റു നോക്കുന്നത് കേരളം.