play-sharp-fill
മലകയറാൻ രണ്ടും കൽപ്പിച്ച് തൃപ്തി ദേശായി: തൃപ്തി ആദ്യം എത്തുന്ന കോട്ടയത്ത്; സംഭവിക്കുന്നത് എന്തെന്നറിയാതെ സർക്കാരും പൊലീസും: തടയാനൊരുങ്ങി സംഘപരിവാറും അയ്യപ്പഭക്തരും: കോട്ടയത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്

മലകയറാൻ രണ്ടും കൽപ്പിച്ച് തൃപ്തി ദേശായി: തൃപ്തി ആദ്യം എത്തുന്ന കോട്ടയത്ത്; സംഭവിക്കുന്നത് എന്തെന്നറിയാതെ സർക്കാരും പൊലീസും: തടയാനൊരുങ്ങി സംഘപരിവാറും അയ്യപ്പഭക്തരും: കോട്ടയത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകി അനൂകൂല വിധി സമ്പാദിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി സന്നിധാനത്തേയ്ക്ക് എത്തുമെന്ന് വെല്ലുവിളി മുഴക്കി രംഗത്ത് എത്തിയതോടെ സർക്കാരും പൊലീസും ഒരു പോലെ പ്രതിരോധത്തിലായി. തൃപ്തിയുടെ വെല്ലുവിളിയ്ക്ക് മുന്നിൽ കീഴടങ്ങാതെ സമരക്കാരും അയ്യപ്പഭക്തരും സംഘപരിവാരും വാശിയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ, ഏത് രീതിയിൽ പ്രശ്‌നത്തെ സമീപിക്കണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ് സർക്കാരും പൊലീസും. തൃപ്തി ട്രെയിൻ മാർഗം കോട്ടയത്ത് വന്നിറങ്ങുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ വൻ സന്നാഹമാണ് സർക്കാർ ജില്ലയിൽ ഒരുക്കുന്നത്. റെയിൽവേ സ്റ്റേഷനിലും ഹോട്ടലുകളിലും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നീക്കം സർക്കാർ ആരംഭിച്ചുകഴിഞ്ഞു.
വെള്ളിയാഴ്ച കോട്ടയത്ത് എത്തിയ ശേഷം, ശനിയാഴ്ച ശബരിമല കയറുമെന്നാണ് തൃപ്തി പ്രഖ്യാപിച്ചിരിക്കുന്നത്. പന്ത്രണ്ട് വർഷമായി സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ ഹർജിയിൽ കക്ഷി ചേർന്ന യങ് ലോയേഴ്‌സ് അസോസിയേഷന്റെ നേതാവ് കൂടിയാണ് ഹർജിക്കാരി. തൃപ്തി ദേശായി കേരളത്തിലേയ്ക്കും, ശബരിമലയിലേയ്ക്കും എത്തും എന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് സർക്കാർ. ശബരിമല വിഷയത്തിൽ ആദ്യമായി അയഞ്ഞ സർക്കാർ, വ്യാഴാഴ്ച സർവകക്ഷിയോഗം വിളിച്ചിരിക്കെയാണ് മുഖ്യമന്ത്രിയ്ക്ക് നെടുനീളൻ കത്തെഴുതി വച്ച ശേഷം തൃപ്തിയും സംഘവും യാത്ര പുറപ്പെട്ടിരിക്കുന്നത്. ഹർജിക്കാരി തന്നെ കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശബരിമല കയറാനെത്തുമ്പോൾ സർക്കാർ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്.
മലകയറാനെത്തുന്ന തൃപ്തി ദേശായിയെ തടയാൻ സമരാനകൂലികളും, അയ്യപ്പഭക്തരും ശ്രമിച്ചാൽ ഇത് സംഘർഷ സ്ഥിതി കൂടുതൽ രൂക്ഷമാക്കും. ശബരിമലയിൽ കയറാൻ തൃപ്തി ദേശായിക്ക് സാധിച്ചാൽ ഇത് സർക്കാരിനെതിരെ ഭക്തരുടെ രോഷം ശ്കതമാക്കും. ഇത് കേരളത്തെ കലാപഭൂമിയാക്കിമാറ്റുമെന്ന് ഏതാണ്ട് ഉറപ്പാണ്. കേരളം മറ്റൊരു കലാപത്തിലേയ്ക്കാവും നീങ്ങുക. ഇനി തൃപ്തിയെ തടയാൻ സർക്കാർ തന്നെ തീരുമാനിച്ചാൽ ഇത് കോടതിയലക്ഷ്യമായും മാറും. സുപ്രീം കോടതി വിധി നടപ്പാക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ആരോപിച്ച് തൃപ്തിയും സംഘവും കോടതിയെ സമീപിച്ചാൽ ഇത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതിനിടെ തൃപ്തി അടക്കം ഏതെങ്കിലും യുവതി ശബരിമല കയറിയാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ പ്രതിസന്ധയിലാകുമെന്ന് ഉറപ്പായി. തൃപ്തിയുടെ വരവിനെ തടഞ്ഞാലും അനുകൂലിച്ചാലും സർക്കാരിന് പുതിയ പ്രതിസന്ധിയെ നേരിടേണ്ടി വരികയും ചെയ്യും.
ഇതിനിടെ, തൃപ്തിയും സംഘവും ഡൽഹിയിൽ നിന്നു കോട്ടയത്ത് വന്നിറങ്ങുമെന്ന് പ്രഖ്യാപിച്ചത് ജില്ലാ പൊലീസിനു കൂടുതൽ പ്രതിസന്ധിയ്ക്കിടയാക്കി. തൃപ്തി റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ നേരിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ, കനത്ത സുരക്ഷ ഒരുക്കേണ്ടി വരും. നഗരത്തിലെ തന്നെ പ്രമുഖ ഹോട്ടലിൽ തൃപ്തിയ്ക്ക് മുറി ഒരുക്കിയിട്ടുണ്ടെന്നാണ് ഇവരുമായി ബന്ധപ്പെട്ട് വൃത്തങ്ങൾ നൽകുന്ന സൂചന. സുരക്ഷാ പ്രശ്‌നങ്ങൾ മുൻ നിർത്തി ഹോട്ടലിന്റെ പേര് വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല. ഇതിനിടെ തൃപ്തിയും സംഘവും കോട്ടയത്ത് എത്തിയാൽ ഇവരെ ഇവിടെ വച്ച് തന്നെ തടയുന്നതിനാണ് ഇപ്പോൾ സംഘപരിവാർ ശ്രമിക്കുന്നത്. കോട്ടയത്തിന്റെ അതിർത്തി കടക്കാൻ ഇവരെ അനുവദിക്കില്ലെന്ന് സംഘപരിവാർ ഇതിനിടെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ജില്ലാ പൊലീസ്.