പൊലീസും കർമ്മ സമിതിയും കൈ കോർത്തു: പതിനെട്ടാം പടി കയറാനെത്തിയ യുവതിയെ തടഞ്ഞു; മല കയറ്റിയവരും തടഞ്ഞവരും ഇത്തവണ ഒന്നായി

പൊലീസും കർമ്മ സമിതിയും കൈ കോർത്തു: പതിനെട്ടാം പടി കയറാനെത്തിയ യുവതിയെ തടഞ്ഞു; മല കയറ്റിയവരും തടഞ്ഞവരും ഇത്തവണ ഒന്നായി

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ പേരിൽ തമ്മിൽ തല്ലിയ പൊലീസും കർമ്മ സമിതി പ്രവർത്തകരും യുവതി പ്രവേശനം തടയാൻ ഇക്കുറി കൈ കോർത്തു.  പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ സന്നിധാനത്തെത്തിയ യുവതിയെ ശബരിമല കർമ്മ സമിതി പ്രവർത്തകർ തടഞ്ഞു. ഇതോടെ പൊലീസും കർമ്മ സമിതിയ്ക്കൊപ്പം ചേർന്നു യുവതിയെ മടക്കി അയച്ചു.

യുവതി പ്രവേശനത്തിന്റെ പേരിൽ കഴിഞ്ഞ തവണ നേർക്കുനേർ നിന്ന് തമ്മിലടിച്ചവരാണ് ഇക്കുറി യുവതിയെ തടയാൻ കൈ കോർത്തത്. തടഞ്ഞ പൊലീസിനും കർമ്മ സമിതി പ്രവർത്തകർക്കും  നേരേ യുവതിയുടെ ആക്രോശം. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന യുവതിയുടെ വാശിയെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷാവസ്ഥ. രംഗം വഷളായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയെ നിര്‍ബന്ധപൂര്‍വ്വം പമ്പയിലേക്ക് മടക്കി അയച്ചു. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാ വിജയവാഡ സ്വദേശിനിയായ സുധാറാണിയെന്ന നാല്‍പ്പത്തിരണ്ടുകാരിയാണ് നിലയ്ക്കലിലും പമ്പയിലുമടക്കമുള്ള പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലിന് സമീപം എത്തിയ സുധാറാണിയെ തീര്‍ത്ഥാടകരും ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു.

തുടര്‍ന്ന് യുവതിയോട് പമ്പയിലേക്ക് മടങ്ങാന്‍ തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടു. ഇത് കട്ടാക്കാതെ ഇവര്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ തട്ടിക്കയറുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. യുവതിയെ മടക്കി അയക്കാന്‍ പൊലീസ് നടത്തിയ ആദ്യ ശ്രമങ്ങള്‍ പരാജയപ്പട്ടു.

ദര്‍ശനം കഴിഞ്ഞ് തിരികെയിറങ്ങിയ തീര്‍ത്ഥാടകര്‍ കൂടി സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ വിരണ്ടു പോയ യുവതി പൊലീസിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയാറാവുകയായിരുന്നു. മണ്ഡല പൂജാ വേദിയില്‍ തൃപ്തി ദേശായിയും സംഘവും മലകയറാനായി കൊച്ചിയില്‍ എത്തിയതിനെ തുടര്‍ന്ന് സന്നിധാനത്തടക്കം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും തീര്‍ത്ഥാടകരും ജാഗരൂകരായിരുന്നു.

മണ്ഡല കാല മാധ്യത്തില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ യുവതി മരക്കൂട്ടം കടന്ന് സന്നിധാനത്തേക്കെത്തുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വലിയ നടപ്പന്തലിന് മുമ്പില്‍ കര്‍മ്മ സമിതി പ്രവര്‍ത്തകരും പൊലീസും രണ്ട് ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50 വയസ് പൂര്‍ത്തിയായി എന്ന് സ്ഥിരീകരിച്ചതോടെയാണ് രംഗം ശാന്തമായത്. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മതാചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍ണയിക്കാന്‍ ആര്‍ക്കാണ് അധികാരം എന്നതുള്‍പ്പടെയുള്ള വിഷയത്തില്‍, സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള വിവിധ കക്ഷികളുടെ അഭിഭാഷകരുടെ യോഗം നടക്കുന്നതിനിടെയാണ് വീണ്ടും യുവതീ പ്രവേശന ശ്രമം. ശബരിമല കേസില്‍ വിശാല ബെഞ്ചിന് വിട്ട ചോദ്യങ്ങള്‍ക്ക് കൃത്യത വരുത്തണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല യുവതി പ്രവേശം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോള്‍ 5 അംഗ ഭരണ ഘടനാ ബഞ്ച് മതാചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ജനുവരി പതിമൂന്നിന് സുപ്രീം കോടതി ഒന്‍പതംഗ ബെഞ്ച് ചേര്‍ന്നെങ്കിലും കോടതിയുടെ പരിഗണന വിഷയങ്ങളില്‍ അഭിഭാഷകര്‍ വ്യക്തത തേടിയിരുന്നു. നേരത്തെ യുവിതകള്‍ക്ക് പൊലീസ് സംരക്ഷണത്തോടെ ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരുന്നില്ല.

യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി പുനപരിശോധനയ്ക്ക് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിധി നിലവിലുണ്ട്. അതിനാല്‍ ഏതെങ്കിലും യുവതി ദര്‍ശനം നടത്തിയേ മതിയാകൂവെന്ന് നിര്‍ബന്ധം പിടിച്ചാല്‍ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ശബരിമല യുവതീ പ്രവേശം ചോദ്യം ചെയ്തുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഈ കാര്യങ്ങളിലാണ് പരമോന്നത കോടതി വാദം കേള്‍ക്കുക. ഹിന്ദു എന്നതിന്റ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്.

ഇതിന് ശേഷമാകും മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ചേലാകര്‍മം, പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടനാ ബഞ്ച് തീര്‍പ്പുകല്‍പ്പിക്കുക. അതേസമയം ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് യുവതീ പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഒമ്പതംഗ ബഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്ന് അഭിഭാഷക ഇന്ദിരാ ജയ്സിംഗും പറഞ്ഞു. ശിരൂര്‍ മഠം കേസിലെ വിധി പുനപ്പരിശോധിക്കാനാണ് ഇതെന്ന നിഗമനത്തിലാണ് താന്‍. ബഞ്ച് ഇപ്പോള്‍ പരിഗണിക്കുന്നത് വെറും അക്കാദമിക് ചോദ്യങ്ങളാണ്. ശബരിമലയിലെ യുവതീ പ്രവേശന വിധി തെറ്റാണെന്ന് ആരും വിധിച്ചിട്ടില്ലെന്നും ഇന്ദിരാ ജയ്സിങ് പറഞ്ഞു. അതേസമയം കേസില്‍ കക്ഷി ചേരണമെന്ന രാജീവ് ധവാന്റെ അപേക്ഷ കോടതി തള്ളി. കേസില്‍ പുതുതായി ആരും കക്ഷി ചേരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിധിയില്‍ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീര്‍പ്പിന് ശേഷം മതി യുവതീ പ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു .കോടതി വിധിയില്‍ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ഏകെ ബാലനും വ്യക്തമാക്കിയിട്ടുണ്ട്.