
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടക്ക സംഖ്യയിൽ എംഎൽഎമാരെ ലഭിക്കുമെന്നും, കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കാൻ കഴിയുന്ന ശക്തിയായി ബിജെപി മാറുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. കേരളത്തിലേത് എൽഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷമില്ലാത്ത തൂക്ക് നിയമസഭയായിരിക്കും. ഭരണത്തിൽ എൻഡിഎ നിർണായക ശക്തിയാകും. ഇടതുപക്ഷവും വലതുപക്ഷവും വർഗീയവാദ പക്ഷമായി അധപ്പതിച്ചു. മതമൗലികവാദികളുടെ മുദ്രാവാക്യമുയർത്തി കേരളത്തിന്റെ ഭാവി തുലക്കാൻ നിൽക്കുകയാണ് ഇരുമുന്നണികളുമെന്ന് സുരേഷ് ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രി കേരളത്തിൽ എത്തും. തിരുവല്ലയിൽ നാളെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അര ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് എസ് സുരേഷ് വ്യക്തമാക്കി. കൂടാതെ തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, നിതിൻ നബീൻ, രാജ്നാഥ് സിങ്, എസ് ജയശങ്കർ തുടങ്ങി ദേശീയ നേതാക്കളും കേരളം സന്ദർശിക്കും.


