
എസ് രാജേന്ദ്രന്റെ ഭാര്യ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയുമായി എംകോം വിദ്യാര്‍ത്ഥിനി; കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു; തടയാന്‍ ശ്രമിച്ച അമ്മയേയും ആക്രമിച്ചു; പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്
സ്വന്തം ലേഖിക
മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ഭാര്യ ലത രാജേന്ദ്രന്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയുമായി എംകോം വിദ്യാർത്ഥിനി.
സംഭവത്തില്‍ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
മൂന്നാര്‍ ഇക്കനഗറില്‍ രാജേന്ദ്രന്റെ കൈവശത്തിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കുടുംബത്തിലെ കോളേജ് വിദ്യാര്‍ത്ഥിനി ആതിരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ലത രാജേന്ദ്രന്‍ വീട്ടിലെത്തി വീട് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. ഉടൻ പൊലീസിനെയും കളക്ടററെയും വിളിച്ചത് കണ്ട് രോഷാകുലയായി ഇവര്‍ തന്റെ കഴുത്തില്‍പ്പിടിച്ച് ഞെക്കി ശ്വാസം മുട്ടിച്ചെന്ന് ആതിര പറഞ്ഞു.
ആതിരയുടെ വാക്കുക്കള്‍ ഇങ്ങിനെ: അഞ്ച് വര്‍ഷത്തിലധികമായി ഈ വീട്ടിലാണ് താമസിക്കുന്നത്. എംകോം വിദ്യാര്‍ത്ഥിനിയാണ്. അമ്മയും അനുജത്തിയും ഒപ്പമുണ്ട്. വീട് ഒഴിവാകണമെന്ന് ലത രാജേന്ദ്രന്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഭീമമായ സെക്യൂരിറ്റി ഡിപ്പോസിറ്റും വാടകയും നല്‍കി മറ്റൊരു വീണ്ടെടുക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇതിന് സാധിച്ചില്ല.
ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഇതിനിടെയാണ് ബുധനാഴ്ച വൈകിട്ട് ലതയെത്തി വീണ്ടും വഴക്കിട്ടത്.
നേരത്തെയും നിരവധി തവണ വീടിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു. സമീപവാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുമായിട്ടുണ്ട്. വീട് മാറിയാല്‍ താമസിക്കാന്‍ മറ്റിടമില്ലെന്ന് പറഞ്ഞെങ്കിലും ലത ബഹളം തുടരുകയായിരുന്നു.
ഇതിനിടെ കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ചെന്ന അമ്മയേയും തള്ളിമാറ്റി. ജില്ലാ കളക്ടറെ വിളിച്ച് പരാതി പറയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടന്‍ കളക്ടര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് എന്നെയും അമ്മയേയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
രക്തസമ്മര്‍ദം അധികമായിട്ടും പരിക്കുണ്ടായിട്ടും ആശുപത്രി അധികൃതര്‍ അഡ്‌മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. ഇഞ്ചക്ഷനും മരുന്നും നല്‍കി വിട്ടിലേയ്ക്ക് വിട്ടു. മര്‍ദ്ദനമേറ്റ കാര്യം വിശദീകരിക്കുമ്പോള്‍ അതൊന്നും കേള്‍ക്കേണ്ട കാര്യമില്ലന്നാണ് ഡോക്ടര്‍ പറഞ്ഞത്. അവശനിലയില്‍ രാത്രി ഒരു മണിക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ പൊലീസ് ഈ വിഷയത്തില്‍ മൂന്നാര്‍ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എസ് ഐ ആണ് വിവരങ്ങള്‍ ശേഖരിച്ചത്. ലതയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും പറയുന്നിടത്താണ് ന്യായമെന്നായിരുന്നു എസ് ഐയുടെ നിലപാട്.
ഞങ്ങളുടെ ഭാഗം സംസാരിക്കാന്‍ പോലൂം എസ് ഐ അവസരം തന്നില്ല. പരുഷമായ സംസാരരീതി കൊണ്ട് എസ് ഐ ഞങ്ങളെ നിശബ്ദരാക്കാനാണ് ശ്രമിച്ചത്. സങ്കടം സഹിക്കാനാവാതെ വാവിട്ട് കരഞ്ഞപ്പോള്‍ കരയട്ടെ അതുകൊണ്ടെന്നും മനസിളകില്ലെന്നായിരുന്നു എസ് ഐയുടെ മറുപടി – ആതിര വ്യക്തമാക്കി.
സ്റ്റേഷനില്‍ സംഭവിച്ചതെല്ലാം താന്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി വാർത്ത ഉണ്ടാക്കാൻ എത്തിയത് പോലെ തോന്നിയതിനാലാണ് താന്‍ ഇങ്ങിനെ ചെയ്തതെന്നുമാണ് ഇക്കാര്യത്തില്‍ മൂന്നാര്‍ എസ് ഐ യുടെ പ്രതികരണം.