
ഏറ്റുമാനൂർ : അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നാട്. കോട്ടയം തഹസിൽദാർ ഏറ്റുമാനൂർ ചൂരക്കുളങ്ങര ശ്രീഭദ്രം വീട്ടിൽ എസ്.എൻ. അനിൽകുമാർ (55) അന്തരിച്ചു.
ഇന്നലെ പുലർച്ചെ നെഞ്ചുവേദനയെത്തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഉച്ചയോടെ മരണപ്പെടുകയുമായിരിന്നു. നീണ്ടൂർ കുമ്മാക്കോത്ത് (ശ്രീനിലയം) കുടുംബാംഗമാണ്.
സംസ്കാരം നാളെ വൈകിട്ട് 4ന് കോട്ടയം നീണ്ടൂരിലെ കുടുംബ വീട്ടിൽ. നാളെ രാവിലെ 9.30 നു കോട്ടയം താലൂക്ക് ഓഫീസിലും തുടർന്ന് കലക്ടറേറ്റിലും ഉച്ചയ്ക്ക് 12ന് ഏറ്റുമാനൂരിലെ വീട്ടിലും പൊതുദർശനം നടക്കും. തുടർന്ന് മൃതദേഹം നീണ്ടൂരിലേക്കു കൊണ്ടുപോകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപ്രവർത്തകർക്കും ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്കും നല്ല ഓർമകൾ ബാക്കിവച്ചാണ് അനിൽകുമാറിന്റെ വിടവാങ്ങൽ.
യൂണിയൻ ക്ലബ്ബിനു സമീപമുള്ള മിനി സിവിൽ സ്‌റ്റേഷനിലായിരുന്നു അനിൽകുമാർ ജോലി ചെയ്‌തിരുന്നത്.
മിനി സിവിൽ സ്റ്റേഷനിലെ പുതുവത്സര ആഘോഷത്തിൽ പ്രസംഗത്തിനിടെ അനിൽ പറഞ്ഞത് ഇങ്ങനെയാണ് “അടുത്ത വർഷം ആഘോഷത്തിനു നമ്മളിൽ ആരൊക്കെ ഈ ഓഫിസിൽ ഉണ്ടാകുമെന്നറിയില്ല, ഞാൻ എന്തായാലും ഉണ്ടാകില്ല”. ഡപ്യൂട്ടി കലക്ടറായി ഉടൻ തന്നെ സ്ഥാനക്കയറ്റം ലഭിക്കുമെന്ന വിവരം മനസ്സിൽ വച്ചുകൊണ്ടാണ് അനിൽ ഇങ്ങനെ പ്രസംഗിച്ചത്. 34 വർഷത്തെ സർവീസ് അനിലിനുണ്ട്. 1992 ഏപ്രിൽ 10നു ക്ലാർക്കായി കോട്ടയം കലക്ടറേറ്റിലായിരിന്നു തുടക്കം.
ഭാര്യ: എം.ജി.മിനി (ആർപ്പൂക്കര ഈസ്‌റ്റ്, മോഹൻ നിവാസ്) മക്കൾ: ഋഷികേശ് നാരായണൻ, നന്ദിത കൃഷ്ണ.


