
ദില്ലി : റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിഴ തീരുവ ഏർപ്പെടുത്തിയ ശേഷവും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ അർവിന്ദർ സിങ് സാഹ്നി.
റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനാലാണ് തീരുവ കൂട്ടിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് ഇന്ത്യ വഴങ്ങിയിട്ടില്ല. ഇന്ത്യയുടെ തീരുമാനങ്ങൾ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ളതാണ് യുഎസിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയല്ലെന്നും സാഹ്‌നി വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് പിന്നിൽ വിപണിയിലെ വില മാത്രമാണ് കാരണം. സാമ്പത്തിക പരിഗണനകൾക്ക് പുറമെ മറ്റേതെങ്കിലും രാഷ്ട്രീയ സമ്മർദ്ദമോ നിർദ്ദേശമോ ഇല്ലെന്നും സാഹ്നി വ്യക്തമാക്കി.
2022 ൽ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറിയിരുന്നു. 2022 ഫെബ്രുവരിക്ക് മുമ്പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു റഷ്യൻ ക്രൂഡ് ഓയിൽ. റഷ്യ കുറഞ്ഞ വിലയിൽ ക്രൂഡ് വാഗ്ദാനം ചെയ്തതോടെയാണ് ഇന്ത്യ ഈ മാറ്റത്തിന് തയ്യാറായത്. റഷ്യൻ ക്രൂഡ് ഓയിലിന് മേൽ ഇന്ത്യ ഒരു അന്താരാഷ്ട്ര ഉപരോധവും ലംഘിച്ചിട്ടില്ലെന്നും സാഹ്‌നി ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷ്യൻ ക്രൂഡിന് ലഭിക്കുന്ന കിഴിവുകൾക്കനുസരിച്ച് വാങ്ങൽ അളവിൽ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. മുമ്പ് ഒരു ബാരലിന് 40 ഡോളർ വരെ കിഴിവ് ലഭിച്ചിരുന്നു. ഇത് പിന്നീട് 1.5 ഡോളറായി കുറഞ്ഞു. പിന്നീട് ഇത് ഏകദേശം 2.70 ഡോളറായി ഉയർന്നു. കിഴിവ് കുറഞ്ഞതു കാരണം കഴിഞ്ഞ മാസം ഇറക്കുമതി കുറഞ്ഞിരുന്നു. എന്നാൽ സാമ്പത്തികമായി ലാഭകരമാണെങ്കിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് സാഹ്‌നിയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഫിനാൻസ് ഡയറക്ടർ വെത്സ രാമകൃഷ്ണ ഗുപ്തയും അറിയിച്ചു. റഷ്യയിൽ നിന്നോ യുഎസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നോ എണ്ണ വാങ്ങൽ കൂട്ടാനോ കുറയ്ക്കാനോ സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടില്ലെന്നും സാഹ്‌നി കൂട്ടിച്ചേർത്തു.