
കീവ്: റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രെയ്നിന്‍റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. റഷ്യയുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് സംഭവം.ലെഫ്റ്റ്നന്‍റ് കേണൽ മക്സ്യം ഉസ്തിമെൻകോ (32) ആണ് കൊല്ലപ്പെട്ടത്. ഇത് മൂന്നാം തവണയാണ് യുക്രെയ്ന്‍റെ എഫ്-16 റഷ്യയുമായുള്ള യുദ്ധത്തിൽ തകര്‍ന്നുവീഴുന്നത്.
ആകാശത്തിലൂടെ വന്ന ഏഴോളം ഡ്രോണുകളും മിസൈലുകളും പൈലറ്റ് തകര്‍ത്തിട്ടു. അവസാനത്തെ മിസൈൽ തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് യുദ്ധവിമാനത്തിന് കേടുപാടു സംഭവിച്ചത്. ഇതോടെ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമായി. ഇജക്ട് ചെയ്യാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ യുദ്ധ വിമാനം സ്ഥലത്ത് തകര്‍ന്നുവീഴുകയായിരുന്നു.
ഇതോടെ വിമാനം പൊട്ടിത്തെറിച്ച് പൈലറ്റും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി രാത്രിയിൽ 477 ഡ്രോണുകളും 60 മിസൈലുകളുമാണ് യുക്രെയ്നിൻ ലക്ഷ്യമാക്കി റഷ്യ അയച്ചതെന്നും ഇതിൽ 211 ഡ്രോണുകളും 38 മിസൈലുകളും ആകാശത്ത് വെച്ച് തന്നെ തകര്‍ത്തുവെന്നും യുക്രെയ്ൻ അറിയിച്ചു. യുക്രെയ്നിലെ ആറിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റതായും ജനവാസമേഖലയിലെ കെട്ടിടങ്ങള്‍ തകര്‍ന്നതായും സെന്‍ട്രൽ യുക്രെയ്നിലെ ചെര്‍കാസി മേഖലയിലെ ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, അതിര്‍ത്തിമേഖലയിൽ വെച്ച് യുക്രെയ്ന്‍റെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നുമായി സമാധാന ചര്‍ച്ചക്കായി തയ്യാറാണെന്നും സൈനിക ചിലവുകള്‍ കുറക്കുകയാണെന്നും കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്‍റ് പുടിൻ പറഞ്ഞതിന് പിന്നാലെയാണ് യുക്രെയ്നിൽ വ്യാപക ഡ്രോണ്‍, മിസൈൽ ആക്രമണം ഉണ്ടായത്.