സ്‌കൂട്ടറിലെത്തിയ കള്ളൻ വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർ ഷീറ്റുകൾ മോഷ്ടിച്ചു ; ഒരാഴ്ച മുൻപും സമാന രീതിയിൽ മോഷണം

Spread the love

ഇരിട്ടി : വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർ ഷീറ്റുകള്‍ മോഷണം പോയി. കുയിലൂർ താഴ്‌വാരം ബസ്‌റ്റോപ്പിനു സമീപത്തെ ശിവഗംഗയില്‍ ജിതേഷിന്‍റെ റബർ ഷീറ്റുകളാണു മോഷണം പോയത്.

അയല്‍പക്കത്തെ വീടിന്‍റെ മുറ്റത്ത് ഉണക്കാനിട്ട ഷീറ്റുകളാണു മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയോടെ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് വാഹനത്തിന്‍റെ ലൈറ്റ് ഓഫാക്കി മുറ്റത്തെത്തി ഷീറ്റ് മോഷ്ടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്‍റെ നമ്ബരോ ആളുടെ രൂപമോ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ജിതേഷ് പാട്ടത്തിനെടുത്ത തോട്ടത്തില്‍ മഴമറ സ്ഥാപിച്ച്‌ ടാപ്പിംഗ് നടത്തി ഉണങ്ങാൻ സൂക്ഷിച്ച ഷീറ്റുകളാണു മോഷണം പോയത്. ആഴ്ചകള്‍ക്കു മുന്പ് ആളൊഴിഞ്ഞ സ്ഥലത്തെ റബർതോട്ടത്തില്‍ ഉണങ്ങാനിട്ട നൂറിലധികം ഷീറ്റ് മോഷണം പോയിരുന്നു. ഇതേ തുടർന്നാണ് ഷീറ്റ് വീട്ടിലേക്കു കൊണ്ടുവന്ന് വീട്ടിലും സമീപ വീടുകളിലുമായി ഉണക്കാനിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബറിന്‍റെ വില 227 രൂപയിലേക്ക് ഉയർന്നതോടെ മലയോരത്ത് വിവിധ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ മോഷണങ്ങള്‍ പെരുകുകയാണ്. വീടിന്‍റെ മുറ്റത്തോ പറമ്ബിലോ ഉണങ്ങാനിട്ടിരിക്കുന്ന ഷീറ്റുകള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ സംഘം മോഷ്ടിച്ച്‌ കടന്നുകളയുകയാണ്. ഒന്നോ രണ്ടോ ഷീറ്റുകള്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചറിയാതെ പോകുന്നത് മോഷ്ടാക്കള്‍ മുതലെടുക്കുകയാണ്. ജിതേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പോലീസ് നിരീക്ഷിച്ചുവരികയാണ്.