play-sharp-fill
ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയി: ഏജന്റുമാരുടെ വിഹാര കേന്ദ്രമായി വീണ്ടും കോട്ടയം ആർ.ടി ഓഫിസ്; പിരിവുകാർ പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരെ; ഒന്നിനും സമ്മതിക്കാതെ കൊള്ളക്കാരായ ഉദ്യോഗസ്ഥരും

ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയി: ഏജന്റുമാരുടെ വിഹാര കേന്ദ്രമായി വീണ്ടും കോട്ടയം ആർ.ടി ഓഫിസ്; പിരിവുകാർ പിഴിഞ്ഞെടുക്കുന്നത് സാധാരണക്കാരെ; ഒന്നിനും സമ്മതിക്കാതെ കൊള്ളക്കാരായ ഉദ്യോഗസ്ഥരും

സ്വന്തം ലേഖകൻ
കോട്ടയം: ഏജന്റുമാരെ പുറത്താക്കാൻ ചൂരലെടുത്ത ആർ.ടി.ഒ ഒഴിഞ്ഞു പോയതോടെ കോട്ടയം ആർ.ടി ഓഫിസ് ഏജന്റുമാരുടെ വിഹാര കേന്ദ്രമാകുന്നു. എന്തിനും ഏതിനും ആളുകളെ പിഴിഞ്ഞെടുക്കാൻ മുന്നിൽ നിൽക്കുന്ന ഏജന്റുമാർ ആർ.ടി ഓഫിസിലെ കമ്പ്യൂട്ടർ സംവിധാനത്തെപോലും ഹൈജാക്ക് ചെയ്യുന്നു. സാധാരണക്കാരോട് തോന്നും പടി മോശമായി പെരുമാറുന്ന ജീവനക്കാർ കൂടി ചേരുന്നതോടെ ആർ.ടി ഓഫിസിന്റെ പ്രവർത്തനം കുത്തഴിഞ്ഞ രീതിയിലായി.
നേരത്തെയുണ്ടായിരുന്ന ആർ.ടി.ഒ ബാബു ജോൺ മൂവാറ്റുപുഴയിലേയ്ക്ക് മാറിയതിനു പിന്നാലെയാണ് വി.എം ചാക്കോ ആർ.ടി.ഒ ആയി കോട്ടയത്ത് എത്തിയത്. ബാബു ജോൺ ആർ.ടി.ഒ ആയിരുന്നപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതിയെ തുടർന്ന് ആർ.ടി. ഓഫിസിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. വാഹനത്തിന്റെ നിറം നീലയായതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വാഹന ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് ഏജന്റിനെതിരെയും എം.വി.ഐയ്‌ക്കെതിരെയുമായിരുന്നു അന്ന് തേർഡ് ഐ ന്യൂസ് ലൈവ് പരാതി നൽകിയത്. തുടർന്നാണ് ഏജന്റുമാരെ ആർ.ടി ഓഫിസിൽ നിന്നു അടിച്ചോടിക്കാൻ ആർ.ടി.ഒ ചൂരൽ വാങ്ങി സൂക്ഷിച്ചത്. ഈ ചൂരൽ ആർ.ടി.ഒ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, നേരത്തെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ആയിരുന്ന വി.എം ചാക്കോ കോട്ടയത്തേയ്ക്ക് എത്തിയതോടെ വീണ്ടും ഏജന്റുമാർ ചക്കയിൽ ഈച്ച പൊതിയുന്നതിനു സമാനമായി ആർ.ടി ഓഫിസിൽ വട്ടം കൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് സംഘം ആർ.ടി ഓഫിസിൽ എത്തിയപ്പോൾ വിവിധ ക്യൂവുകളിലായി 11 ഏജന്റുമാരെ എണ്ണിയെടുത്തു. ഇതുകൂടാതെ വരാന്തയിൽ കറങ്ങുന്നവർ വേറെയുമുണ്ടായിരുന്നു. ഇത്തരത്തിൽ ഏജന്റുമാരുടെ ഒരു വൻ നിര തന്നെയാണ് ആർ.ടി.ഓഫിസിലുള്ളത്.
സാധാരണക്കാരോട് ഏറെ മോശമായി പെരുമാറുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരും കോട്ടയം ആർ.ടി. ഓഫിസിലുണ്ട്. വിവിധ ആവശ്യങ്ങൾക്കെത്തുന്ന സാധാരണക്കാരെ മനപൂർവം കാത്തു നിർത്തുകയും, ബുദ്ധിമുട്ടിക്കുകയുമാണ് ഈ ഉദ്യോഗസ്ഥർ. മോശമായി പെരുമാറുന്നവരെ കണ്ടെത്തുകയും, പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കമില്ലാത്ത മേഖലകളിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടതാണ്. എന്നാൽ, രജിസ്‌ട്രേഷനിലും, വാഹനങ്ങളുടെ ഹൈപ്പോതിഫിക്കേഷനും, ലൈസൻസ് നൽകുന്നതുമായ ഫാസ്റ്റ്ട്രാക്ക് കൗണ്ടറിൽ പോലും ഇത്തരക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരാകട്ടെ ധിക്കാരത്തോടെയും ധാർഷ്യട്യത്തോടെയുമാണ് പെരുമാറുന്നത്. ഇതും ആർ.ടി. ഓഫിസിന് മോശം റെക്കോർഡ് നൽകുന്നു.