
കോട്ടയം: ആർഎസ്‌എസ് ക്യാമ്ബില്‍ ലൈംഗികാതിക്രമത്തിനിരയായെന്നും, അന്നത്തെ മാനസികാഘാതത്തില്‍നിന്ന് മോചിതനാകാത്തതിനാല്‍ ജീവൻ വെടിയുന്നുവെന്നും കാട്ടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും.
ആരോപണ വിധേയന്റെ സ്ഥാപനം ഡിവൈഎഫ്‌ഐ പ്രവർത്തകർ വ്യാഴാഴ്ച അടിച്ചുതകർത്തു. സർജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് അടിച്ചുതകർത്തത്.
ആരോപണവിധേയനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കെകെ റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ആരോപണവിധേയൻ നിലവില്‍ ഒളിവിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം പ്രാദേശിക ആർഎസ്‌എസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് പിന്നാലെ ജീവനൊടുക്കിയ യുവാവിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. തന്റെ മരണമൊഴിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഷെഡ്യൂള്‍ഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വ്യക്തിയുട പേര് അടക്കം വീഡിയോയില്‍ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. യുവാവിൻറെ ഇൻസ്റ്റഗ്രാം പേജില്‍ ഷെഡ്യൂള്‍ ചെയ്ത് വച്ച വീഡിയോയാണ് അപ്ലോഡ് ആയതെന്നാണ് നിഗമനം.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവാവിനെ തമ്ബാനൂരിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത മരണക്കുറിപ്പില്‍ എൻഎം എന്ന പേരില്‍ ഒരാളെപ്പറ്റി പ്രതിപാദിച്ചിരുന്നു. ആർഎസ്‌എസ് സംഘടനയില്‍ നിന്ന് നിരവധി ആളുകള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും യുവാവ് കുറിപ്പില്‍ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ എടുത്ത വീഡിയോയാണിപ്പോള്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയത്. ഇന്ന് താൻ എത്തിയിരിക്കുന്നത് തന്റെ മരണമൊഴിയായിട്ടാണ്. സെപ്റ്റംബർ 14ന് എടുത്തതാണിത്. 26 വയസ് ആണ് പ്രായമെന്നും ജോലിയെകുറിച്ചും മറ്റും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. താൻ ഒരു ഒസിഡി പേഷ്യന്റാണ്. ഒന്നര വർഷമായി തെറാപ്പിയെടുക്കുന്നുണ്ട്. അതിന്റെ ബലത്തിലാണ് ജീവിക്കുന്നതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.
തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത വ്യക്തി വിവാഹിതനായി സുഖമായി ജീവിക്കുകയാണെന്നും ബാല്യകാലം മുതല്‍ തന്നെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും യുവാവ് ആരോപിക്കുന്നു.