
സാള്‍ട്ടിനും കോലിക്കും അര്‍ധ സെഞ്ചുറി ; രാജസ്ഥാനെ ഒൻപത് വിക്കറ്റിന് തകര്‍ത്തു ; ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ജയ്പുര്‍: ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജസ്ഥാനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത ആര്‍സിബി സീസണിലെ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ആര്‍സിബി അനായാസം മറികടന്നു.
ഓപ്പണര്‍മാരായ ഫിള്‍ സാള്‍ട്ടിന്റെയും വിരാട് കോലിയുടെയും അര്‍ധ സെഞ്ചുറികളാണ് ആര്‍സിബിയുടെ ജയം എളുപ്പമാക്കിയത്. 33 പന്തില്‍ നിന്ന് ആറ് സിക്‌സും അഞ്ചു ഫോറുമടക്കം 65 റണ്‍സെടുത്ത സാള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നും.
ഓപ്പണിങ് വിക്കറ്റില്‍ തന്നെ സാള്‍ട്ട് – കോലി സഖ്യം 92 റണ്‍സടിച്ചതോടെ തന്നെ ആര്‍സിബി മത്സരത്തില്‍ പിടിമുറുക്കിയിരുന്നു. സാള്‍ട്ട് പുറത്തായ ശേഷമെത്തിയ ദേവ്ദത്ത് പടിക്കലിനൊപ്പം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത കോലി ടീമിന് അനായാസ ജയം സമ്മാനിച്ചു. 28 പന്തുകള്‍ നേരിട്ട ദേവ്ദത്ത് 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സ്വന്തം മൈതാനത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.
സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന് കരുത്തായത്. 47 പന്തില്‍നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 75 റണ്‍സെടുത്ത ജയ്സ്വാളാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഓപ്പണിങ് വിക്കറ്റില്‍ 19 പന്തില്‍നിന്ന് 15 റണ്‍സെടുത്ത സഞ്ജു പതറിയപ്പോള്‍ ജയ്സ്വാളാണ് പവര്‍പ്ലേയില്‍ റണ്‍സടിച്ചത്. ഒരു ബൗണ്ടറി മാത്രമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
രണ്ടാം വിക്കറ്റില്‍ റിയാന്‍ പരാഗിനൊപ്പം ജയ്സ്വാള്‍ 56 റണ്‍സ് ചേര്‍ത്തു. 22 പന്തുകള്‍ നേരിട്ട പരാഗ് ഒരു സിക്സും മൂന്നു ഫോറുമടക്കം 30 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്‍ സ്‌കോര്‍ 173-ല്‍ എത്തിച്ചത്. ജുറെല്‍ 23 പന്തില്‍നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 35 റണ്‍സോടെ പുറത്താകാതെനിന്നു.