
കോട്ടയം : ഏറെ പ്രതീക്ഷയോടെയും ആഗ്രഹത്തോടെയും ജീവിതം കെട്ടിപ്പടുക്കുവാനായി വിദേശത്ത് ജോലിയ്ക്കായി പുറപ്പെട്ട ശാന്തമ്മയ്ക്ക് വെള്ളിടിയേറ്റതുപോലെയായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രെയിൻ യാത്ര.
ദുബായിലേയ്ക്ക് ഒരു വിസിറ്റിങ് വീസ തയ്യാറായി അതിന്റെ യാത്രയ്ക്ക് പുറപ്പെടുന്നത്തിനായി തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ എറണാകുളത്തേക്ക് കുടുംബസമേതം യാത്ര ചെയ്യവെയാണ് എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് തനിക്ക് വിലപ്പെട്ടതൊക്കെ നഷ്ടമായത്.

രാത്രി ഏദേശം 07.45 മണിയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷൻ എത്തുന്നതിനു തൊട്ട് മുമ്പ് നിർഭാഗ്യവശാൽ ശാന്തമ്മയുടെ ബാഗിന്റെ സൈഡ് അറയ്ക്കുള്ളിൽ നിന്നും പാസ്പോർട്ട്, വിസ, ഫ്ലൈറ്റ് ടിക്കറ്റ്, 3000 ദിർഹം (72,218.70 രൂപ) എന്നിവയടക്കം കൈയ്യിൽ നിന്നും ട്രെയിനിന്റെ ജനാലയിലൂടെ പുറത്തേക്ക് വീഴുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായ സ്ഥലം അറിയാത്തതിനാൽ കൂടെ ഉണ്ടായിരുന്ന യാത്രക്കാരൻ ലൈവ് ലൊക്കേഷൻ കണ്ടുപിടിച്ചുകൊടുക്കുകയും കോട്ടയം റെയിൽവേ സ്റ്റേഷൻ എത്തുമ്പോൾ സ്റ്റാഫിന്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
ഉടൻതന്നെ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായ ആർ പി എഫ് സ്റ്റാഫ് കോട്ടയം സ്റ്റേഷൻ മാസ്റ്ററിനോടോ അല്ലെങ്കിൽ ആർ പി എഫ് ഓഫീസിലേയ്ക്കോ വിവരം അറിയിക്കുവാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ ആർ പി എഫ് ഓഫീസിൽ എത്തിചേർന്ന് ശാന്തമ്മയുടെ ഭർത്താവ് രാജുവും ശാന്തമ്മയുടെ സഹോദരനും ആർ പി എഫ് പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഷിബുവിനോട് വിവരം പറഞ്ഞു.

ഷിബു ഉടൻതന്നെ പുറത്ത് സ്റ്റേഷൻ ചെക്കിങ്ങിനു ഡ്യുട്ടിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥനായ എൻ.എസ്.സന്തോഷ്, സബ് ഇൻസ്‌പെക്ടർ, ബിജു എബ്രഹാം, എ. എസ്. ഐ. എന്നിവരോടു വിവരം അറിയിക്കുകയും സബ്-ഇൻസ്പെക്ടറിന്റെ അനുമതിയോടെ തന്റെ ഡ്യൂട്ടി മറ്റൊരാളെ ഏൽപ്പിച്ച് ശാന്തമ്മയുടെ ഭർത്താവിനൊപ്പം സ്വന്തം മോട്ടോർ സൈക്കിളിൽ സംഭവ സ്ഥലത്തേയ്ക് യാത്ര തിരിച്ചു.
ഏകദേശം 08 കിലോമീറ്റർ യാത്ര ചെയ്തു ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എത്തി ലൈവ് ലൊക്കേഷൻ പ്രകാരം 1.5 കിലോമീറ്റർ ദൂരം നടന്നു നോക്കിയെങ്കിലും പ്രയോജനം ലഭിച്ചില്ല. എന്നാൽ ഷിബുവിന്റെ നിശ്ചയദാർഡ്യവും അനുഭവസമ്പത്തും അവിടെ തുണച്ചു. വണ്ടി നല്ല സ്പീഡ് ആയതിനാൽ സാധനങ്ങൾ വീണതിന് ശേഷം ലൈവ് ലൊക്കേഷൻ കുറച്ചു മാറിയാവും കിട്ടിയിട്ടുണ്ടാവുക അതുകൊണ്ടു നമുക്ക് സ്റ്റേഷന്റെ അടുത്തായിട്ട് നോക്കാം എന്നു പറഞ്ഞു ട്രാക്കിലൂടെ നടക്കുകയും ഏകദേശം 100 മീറ്റർ ദൂരത്തിന് മുന്പ് തന്നെ സാധാനങ്ങളെല്ലാം തിരികെ കണ്ടെത്തുകയും ചെയ്തു.
500 ദിർഹം ഒഴികെ പാസ്പോർട്ട്, വീസ, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങിയവയെല്ലാമായി രാജു ഷിബു തന്നെ ഏർപ്പാടാക്കിയ ഒരു ടാക്സിയിൽ ഭാര്യയുടെ അടുത്തേക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടുകയും ചെയ്തു. വിമാനത്താവളത്തിൽ മുൻപരിചയമുള്ള എൻ. എസ്. സന്തോഷ് സബ്-ഇൻസ്പെക്ടർ വൈകി എത്തിയാൽ സംഭവിക്കാവുന്ന മുൻകരുതലുകൾ എല്ലാം തന്നെ എടുത്തു കഴിഞ്ഞിരുന്നു. മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ രാജുവിന് തന്റെ പ്രിയതമയെ അതേ വിമാനത്തിൽ യാത്രയാക്കാൻ കഴിഞ്ഞു.

എല്ലാം ഒരു സ്വപ്നത്തിലെന്നപോലെ എന്നാൽ വളരെ ഭയത്തോടെയും സങ്കടത്തോടെയും മാത്രമേ അതിനെ കുറിച്ച് ഇപ്പോൾ രാജുവിനും കുടുംബത്തിനും ഓർക്കുവാൻ കഴിയുന്നുളളൂ. അതിനിടയിൽ ദൈവദൂതനെപോലെ ഒരു ആർ പി എഫ് ഉദ്യോഗസ്ഥൻ. അതേ ഷിബുവിനെ ദൈവമായി കാണാനാണ് രാജുവിനും കുടുംബത്തിനും ഇഷ്ടം. കായംകുളം സ്വദേശിയായ ഷിബു ഇതിനു മുൻപും ഇത്തരം നല്ല പ്രവർത്തികളിലൂടെ ജനപ്രിയനാണ്.



