video
play-sharp-fill

രാജസ്ഥാന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി ; ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 11 റണ്‍സിന്റെ വിജയം

രാജസ്ഥാന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി ; ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 11 റണ്‍സിന്റെ വിജയം

Spread the love

ബെംഗളൂരു: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 11 റണ്‍സിനാണ് ബെംഗളൂരുവിന്റെ ജയം. ആര്‍സിബി ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ ആയുള്ളൂ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഗംഭീര തുടക്കമാണ് യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും നല്‍കിയത്. പവര്‍പ്ലേയില്‍ അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ അഞ്ചാം ഓവറില്‍ അമ്പത് കടന്നു. എന്നാല്‍ വൈഭവും(16) ജയ്‌സ്വാളും(49) പുറത്തായതോടെ ടീമിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. നിതീഷ് റാണ(28), റിയാന്‍ പരാഗ്(22) എന്നിവരും മടങ്ങിയതോടെ 134-4 എന്ന നിലയിലായി.

ധ്രുവ് ജുറെലും ശുഭം ദുബെയും പിന്നീട് രാജസ്ഥാനായി പോരാടി. അവസാനഓവറുകളില്‍ ജുറെല്‍ നടത്തിയ വെടിക്കെട്ട് രാജസ്ഥാന് ജയപ്രതീക്ഷ നല്‍കി. എന്നാല്‍ ഹെയ്‌സല്‍വുഡ് എറിഞ്ഞ 19-ാം ഓവറില്‍ ജുറെലടക്കം രണ്ട് വിക്കറ്റ് വീണതോടെ ബെംഗളൂരു തിരിച്ചുവന്നു. ഒടുക്കം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സിന് രാജസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍സിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഫിലിപ് സാള്‍ട്ടും വിരാട് കോലിയും വെടിക്കെട്ടോടെയാണ് തുടങ്ങിയത്. വിരാട് കോലിയായിരുന്നു കൂടുതല്‍ അപകടകാരി. ടീം അഞ്ചോവറില്‍ 51 ലെത്തി. പിന്നാലെ ഫിലിപ് സാള്‍ട്ട്(26) പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലുമൊത്ത് വിരാട് കോലി സ്‌കോറുയര്‍ത്തി.

രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് സ്‌കോര്‍ 150-കടത്തി. ഒടുക്കം 16-ാം ഓവറിലാണ് കോലി പുറത്താവുന്നത്. 42 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സറുകളുമുള്‍പ്പെടെ 70 റണ്‍സെടുത്താണ് കോലി പുറത്തായത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ പടിക്കലും(50) പിന്നാലെ നായകന്‍ രജത് പാട്ടിദാറും(1) പുറത്തായതോടെ ആര്‍സിബി 163-4 എന്ന നിലയിലേക്ക് വീണു. ടിം ഡേവിഡ്(20), ജിതേഷ് ശര്‍മ(20) എന്നിവരുടെ ഇന്നിങ്‌സ് ബെംഗളൂരുവിനെ 205 ലെത്തിച്ചു. രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു.