
അര്‍ധസെഞ്ചുറികളുമായി വിരാട് കോലിയും ഫില്‍ സാള്‍ട്ടും ; ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കി ബെംഗളൂരു ; ആര്‍സിബിയ്ക്ക് ഏഴ് വിക്കറ്റ് ജയം
കൊല്‍ക്കത്ത: ഐപിഎല്‍ 18ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങും ബൗളിങ്ങും തുടങ്ങി കളിയുടെ എല്ലാ മേഖലകളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആര്‍സിബി അനായാസം ജയിച്ചുകയറിയത്. പുറത്താകാതെ 36 പന്തില്‍ നിന്നും 56 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. കൊല്‍ക്കത്തയ്‌ക്കെതിരെ ആയിരം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഈ മത്സരത്തോടെ കോഹ്ലി സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മൂന്നോവറും നാല് പന്തും ബാക്കിയാക്കി ആര്‍സിബി ലക്ഷ്യത്തിലെത്തി. കോഹ് ലിക്കൊപ്പം ഓപ്പണ്‍ ചെയ്ത ഫില്‍ സോള്‍ട്ട് 31 പന്തില്‍ ഒന്‍പതു ഫോറും രണ്ടു സിക്‌സും സഹിതം 56 റണ്‍സെടുത്ത് ആദ്യം പുറത്തായി. 51 പന്തില്‍ 95 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് സോള്‍ട്ട് മടങ്ങിയത്.
ദേവ്ദത്ത് പടിക്കല്‍ (10) 16 പന്തില്‍ തകര്‍ത്തടിച്ച് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ആര്‍സിബിയെ വീണ്ടും ട്രാക്കിലാക്കി. വിജയത്തിനു തൊട്ടരികെ ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും, അഞ്ച് പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 15 റണ്‍സുമായി പുറത്താകാതെ നിന്ന ലിയാം ലിവിങ്സ്റ്റന്‍ ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. കൊല്‍ക്കത്ത നിരയില്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്‌ന്റെ പ്രകടനം ശ്രദ്ധേയമായി. വരുണ്‍ ചക്രവര്‍ത്തി. വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെയും ക്യാപ്റ്റന്‍ രഹാനെയുടെയും കരുത്തില്‍ കുതിച്ചുപാഞ്ഞ കൊല്‍ക്കത്തയെ ക്രൂണാല്‍ പാണ്ഡ്യാണ് തടഞ്ഞുനിര്‍ത്തിയത്. ആദ്യപത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലായ കൊല്‍ക്കത്ത 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 174 റണ്‍സ് മാത്രം.
ക്യാപ്റ്റനായി എത്തിയ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ ആറു ഫോറും നാലു സിക്‌സും സഹിതം രഹാനെ നേടിയത് 56 റണ്‍സ്. ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണെങ്കിലും 26 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 44 റണ്‍സെടുത്ത സുനില്‍ നരെയ്‌ന്റെ ഇന്നിങ്‌സ് കൂടി ചേര്‍ന്നതോടെയാണ് അവര്‍ അനായാസം 100 പിന്നിട്ടത്.
ഈ കൂട്ടുകെട്ടു പിരിഞ്ഞതിനു ശേഷം ഒരു ഘട്ടത്തിലും ഭേദപ്പെട്ടൊരു കൂട്ടുകെട്ട് കണ്ടെത്താനാകാതെ പോയതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്.പിന്നീട് വന്നവരില്‍ യുവതാരം ആന്‍ക്രിഷ് രഘുവംശിയുടെ ഇന്നിങ്‌സ് മാത്രമാണ് ഭേദപ്പെട്ടുനിന്നത്. 29 റണ്‍സ് വഴങ്ങി ക്രുനാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റെടുത്തു ജോഷ് ഹെയ്‌സല്‍വുഡ് രണ്ടു വിക്കറ്റും യഷ് ദയാല്‍, റാസിഖ് ദര്‍ സലാം, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി