തിരുവനന്തപുരം: കാലവര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലുകള്‍ക്കായി 8.25 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
14 ജില്ലകളിലെ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 25 ലക്ഷം രൂപ വീതം 3.5 കോടി രൂപയും സംസ്ഥാനത്തെ 10 മേജര്‍ ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 25 ലക്ഷം രൂപ വീതം രണ്ടര കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമേ തീര സംരക്ഷണത്തിനായി ഒമ്പതു ജില്ലകള്‍ക്കായി 25 ലക്ഷം വീതം 2.25 കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രി തുക അനുവദിച്ചത്.
മണ്‍സൂണുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ തുക വിനിയോഗിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് അനുമതിയുണ്ടാകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴില്‍ മതിയായ ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ തുക വിനിയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് തുക നല്‍കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനിയോഗിക്കുന്ന തുക സംബന്ധിച്ച് കൃത്യമായ രേഖകള്‍ പ്രവര്‍ത്തിയുടെ ചിത്രങ്ങള്‍ സഹിതം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും തുക വഴിമാറ്റി ചെലവഴിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.