ബീച്ചിൽ നിന്നും മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത് കുട്ടിക്കുറ്റവാളികൾ ; ശേഷം മോഷ്ടിച്ച സ്‌കൂട്ടറിൽ വർക്കലയിൽ നിന്നും വയനാട് വരെ യാത്ര : വീട്ടിലേക്കുള്ള മടക്കത്തിൽ പ്രതികൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
വർക്കല : ബീച്ചിൽ നിന്നു മടങ്ങിയ വിദേശ വനിതയുടെ ബാഗ് തട്ടിയെടുത്ത കുട്ടിക്കുറ്റവാളികൾ മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചത് വർക്കലയിൽ നിന്നും വയനാട് വരെ. ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും കൊല്ലത്ത് നിന്നു പൊലീസ് പിടികൂടി.
ശനിയാഴ്ച ഉച്ചയ്ക്കു ഹംഗറി സ്വദേശിയായ ഡോ.സോഫിയ ഡാനോസ്(34), സൃഹൃത്ത് റെനേറ്റ ഹൊവാർട്ട്(33) എന്നിവർ വർക്കല മെയിൻ ബീച്ചിൽ നിന്നു നടന്നു വരവേ ക്ഷേത്രകുളം റോഡിന് സമീപത്ത് വച്ചായിരുന്നു കുട്ടിക്കുറ്റവാളികൾ യുവതിയുടെ ബാഗ് മോഷ്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ ബാഗ് പിടിച്ചുവലിക്കുന്നതിനിടെ ഇവരുടെ തോളിനു മുറിവേറ്റു. നിരീക്ഷണ ക്യാമറകളിൽ നിന്നു വാഹന നമ്പർ തിരിച്ചറിഞ്ഞപ്പോഴാണ് പാളയംകുന്നിൽ നിന്നു മോഷണം പോയ സ്‌കൂട്ടറാണെന്നു തെളിഞ്ഞത്.
വർക്കലയിലെ രണ്ടു സർക്കാർ സ്‌കൂളിൽ നിന്നു പുറത്താക്കപ്പെട്ട 16,17 വയസ്സുള്ള വരാണ് ഇരുവരും. ഇവർ ജില്ല വിട്ടു പുറത്തേക്കു നീങ്ങിയതായി മനസ്സിലാക്കിയ പൊലീസ് ഇരുവരും വീട്ടുകാരെ ഫോണിൽ വിളിക്കുന്നതായി മനസ്സിലാക്കി.
മോഷ്ടിച്ച സ്‌കൂട്ടറിൽ തന്നെ വർക്കലയിലേക്ക് മടങ്ങുന്നുവെന്നു മനസ്സിലാക്കിയാണ് നീണ്ടകര പാലത്തിന് സമീപം പിടികൂടിയത്. ബാഗിൽ നിന്ന് ആവശ്യത്തിന് പണം ലഭിച്ചിരുന്നുവെങ്കിൽ ബംഗളൂരു വരെ പോകാനായിരുന്നു പദ്ധതി. എന്നാൽ 400 രൂപയും ക്രെഡിറ്റ് കാർഡുകളും ഫോണും മാത്രമാണ് ബാഗിൽ ഉണ്ടായിരുന്നത്.മൊബൈലിലെ സിം എടുത്തു കളഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.