play-sharp-fill
നാഗമ്പടം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നു: ഇടിഞ്ഞ് താഴ്ന്നത് 40 മുതൽ 60 മില്ലീമീറ്റർ വരെ; നട്ടെല്ലൊടിഞ്ഞ് യാത്രക്കാർ; അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹന യാത്രക്കാർ; പാലം അപകടത്തിലായത് നിർമ്മാണം പൂർത്തിയായി ഒരു വർഷം ആകും മുൻപ്; ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി

നാഗമ്പടം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നു: ഇടിഞ്ഞ് താഴ്ന്നത് 40 മുതൽ 60 മില്ലീമീറ്റർ വരെ; നട്ടെല്ലൊടിഞ്ഞ് യാത്രക്കാർ; അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹന യാത്രക്കാർ; പാലം അപകടത്തിലായത് നിർമ്മാണം പൂർത്തിയായി ഒരു വർഷം ആകും മുൻപ്; ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതി

സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു. പാലത്തിന്റെ കോൺക്രീറ്റ് ഭാഗവും അപ്രോച്ച് റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് 40 മുതൽ 60 മില്ലീമീറ്റർ ദൂരമാണ് ഇടിഞ്ഞ് താണിരിക്കുന്നത്. റോഡ് അപകടത്തിലാകുന്നത് വലയ്ക്കുന്നത് ഇരുചക്ര വാഹനയാത്രക്കാർ മുതൽ ബസ് യാത്രക്കാർവരെയുള്ള സാധാരണക്കാരെയാണ്. നിർമ്മാണം പൂർത്തിയായി ഒരു വർഷമാകും മുൻപ് റോഡും പാലവും അപകടാവസ്ഥയിലായത് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ്. ഈ സാഹചര്യത്തിൽ നിർമ്മാണത്തിന് ഉത്തരവാദിത്വമുള്ള റെയിൽവേ എൻജിനീയർ അടക്കമുള്ളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് റെയിൽവേ മന്ത്രിയ്ക്കും, ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർക്കും,  പാലത്തിന്റെ എൻജിനീയർക്കും, കരാറുകാർക്കും കത്ത് നൽകിയിട്ടുണ്ട്. കരാറുകാർക്കും, എൻജിനീയർക്കും എതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കണമെന്നും തേർഡ് ഐ ന്യൂസ് ലൈവ് കത്തിൽ സർക്കാരിനോട് ആവശ്യപ്പെടുന്നു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എം.സി റോഡിൽ റെയിൽവേ മേൽപ്പാലം നിർമ്മാണം ഒരു വർഷം മുൻപ് പൂർത്തിയായത്. തുടർന്ന് പുതിയ മേൽപ്പാലം നിർമ്മിക്കുകയും, പഴയ മേൽപ്പാലം ക്രെയിൻ ഉപയോഗിച്ച് മുറിച്ച് നീക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ, പാലം നിർമ്മാണം പൂർത്തിയായതിനു പിന്നാലെ അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴ്ന്ന് തുടങ്ങുകയായിരുന്നു. മുപ്പത് മുതൽ അറുപത് മില്ലീ മീറ്റർ വരെ റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ നട്ടെല്ലൊടിയുന്നത് ബൈക്ക് യാത്രക്കാരുടേതാണ്. കോട്ടയം മുതൽ ഏറ്റുമാനൂർ വരെയുള്ള എം.സി റോഡ് വരെയുള്ള മനോഹരമായ ടാറിംങ് കടന്നാണ് പാലത്തിലേയ്ക്ക് എത്തുന്നത്. പാലത്തിലേയ്ക്ക് കയറുന്നതോടെ ബൈക്കിന്റെ മുൻചക്രങ്ങൾ വൻ ശക്തിയോടെ ഇടിക്കും. ഇത് ബൈക്ക് യാത്രക്കാരുടെ കൈകൾക്കും, ഷോൾഡറിനും വൻ ആഘാതമാണ് ഉണ്ടാക്കുന്നത്. പാലത്തിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ മുൻചക്രങ്ങളും പിൻചക്രങ്ങളും വൻ ആഘാതത്തോടെയാണ് റോഡിൽ ഇടിച്ചു വീഴുന്നത്. ഇത് നടുവിന് വൻ ആഘാതം ഉണ്ടാക്കുന്നതായും വിദഗ്ധ ഡോക്ടർമാർ പറയുന്നു.
സ്വകാര്യ ബസുകളിലെയും, കെ.എസ്.ആർ.ടി.സി ബസുകളിലെയും യാത്രക്കാർക്ക് ചെറുതല്ലാത്ത ആഘാതം ഈ റോഡ് ഉണ്ടാക്കുന്നുണ്ട്. പാലത്തിൽ നിന്നും അപ്രോച്ച് റോഡിലേയ്ക്ക് ചാടിയിറങ്ങുമ്പോൾ ബസ് വീഴുന്ന വീഴ്ച്ച യാത്രക്കാരുടെ നട്ടെല്ലിന് കാര്യമായ ക്ഷതമാണ് ഉണ്ടാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും, തലച്ചോറിന്റെ പ്രവർത്തനത്തെ തന്നെയും ബാധിച്ചേക്കുമെന്നും വ്യക്തമാക്കുന്നു.

പാലത്തിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് ഇത്തരത്തിൽ ഇടിഞ്ഞു താഴുന്നതിന് കാരണമായിരിക്കുന്നത്. അപ്രോച്ച് റോഡിൽ കൃത്യമായി മണ്ണ് നിറച്ച് ഉറപ്പിക്കാതിരുന്നതും, ഭാരം പരിശോധിക്കാതിരുന്നതുമാണ് റോഡ് അതിവേഗം തന്നെ അപകടത്തിലായതിന്റെ പ്രധാനകാരണമെന്നാണ് സൂചന. ഇതിന് ഉത്തരവാദിത്വം പാലം നിർമ്മിച്ച റെയിൽവേ എൻജിനീയറിംങ് വിഭാഗത്തിനും ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമാണ്. ഈ സാഹചര്യത്തിലാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇവർക്കെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നത്. റോഡ് അടിയന്തരമായി നന്നാക്കി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിച്ചില്ലെങ്കിൽ ക്രിമിനൽ കേസ് അടക്കമുള്ള നടപടികളിലേയ്ക്കാണ് തേർഡ് ഐ ന്യൂസ് ലൈവ് നീങ്ങുന്നത്. ഇതു സംബന്ധിച്ചുള്ള നോട്ടീസും ഇവർക്ക് നൽകിയിട്ടുണ്ട്.