ബലിതര്‍പ്പണ ചടങ്ങിന് ഉപയോഗിക്കുന്ന കിണ്ടികള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം ; നിരവധി മോഷണകേസുകളിലെ പ്രതിയായ കള്ളന്‍ പിടിയില്‍

ബലിതര്‍പ്പണ ചടങ്ങിന് ഉപയോഗിക്കുന്ന കിണ്ടികള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം ; നിരവധി മോഷണകേസുകളിലെ പ്രതിയായ കള്ളന്‍ പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍നിന്ന് കിണ്ടികള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍. നെല്ലിമൂട് മാങ്കൂട്ടത്തില്‍ വീട്ടില്‍ സനില്‍കുമാര്‍ (49) ആണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്. ബലിതര്‍പ്പണ ചടങ്ങിന് ഉപയോഗിക്കുന്ന കിണ്ടികള്‍ പെറുക്കി ബാഗിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സനില്‍കുമാറിനെ ദേവസ്വം ജീവനക്കാര്‍ പിടികൂടി തടഞ്ഞുവെക്കുകയായിരുന്നു. പോലീസിനെ വിളിക്കുന്നതിനിടയില്‍ ഇയാള്‍ കരിങ്കല്‍ ഭിത്തിയില്‍ തലയിടിച്ചുപൊട്ടിച്ച് മുറിവേല്‍പ്പിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി.

സ്ഥലത്തെത്തിയ തിരുവല്ലം പോലീസ് സനില്‍കുമാറിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് സ്റ്റേഷനിലെത്തിച്ചത്. ബലിതര്‍പ്പണ ചടങ്ങിനായി ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ക്ക് നല്‍കുന്ന കിണ്ടികളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. സനില്‍കുമാര്‍ മോഷ്ടിച്ച നാലുകിണ്ടികള്‍ ബാഗില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ 8.30-ന് ബലിതര്‍പ്പണ ചടങ്ങിന് ശേഷമാണ് സംഭവം. ക്ഷേത്രത്തിന് മുന്‍ഭാഗത്തെ ഗണപതി പ്രതിഷ്ഠയ്ക്കടുത്ത് ബലിതര്‍പ്പണ ചടങ്ങുണ്ടായിരുന്നു. ഇത് പൂര്‍ത്തിയാക്കിശേഷം ഭക്തര്‍ ദേഹശുദ്ധി വരുത്താന്‍ പോകും. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കിണ്ടികള്‍ സനില്‍കുമാര്‍ പെറുക്കി ബാഗിലാക്കാന്‍ ശ്രമിക്കുന്നത് ദേവസ്വം ജീവനക്കാര്‍ കണ്ടു. ഇതേ തുടര്‍ന്നാണ് ഇയാളെ തടഞ്ഞുവെച്ച് തിരുവല്ലം പോലീസിന് കൈമാറിയത്.

എസ്.എച്ച്.ഒ. ആര്‍. ഫയാസ്, എസ്.ഐ.മാരായ ജി. ഗോപകുമാര്‍, മോഹനചന്ദ്രന്‍, സീനിയര്‍ സി.പി.ഒ. വിനയകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. നിരവധി മോഷണകേസുകളിലെ പ്രതിയാണ് ഇയാളെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.