
വൈക്കം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്ത വൈക്കം നിയമസഭാ മണ്ഡലത്തിലെ വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് എംഎല്‍എ പിൻവലിച്ച സികെ ആശയുടെ നടപടി വിവാദത്തില്‍.
വൈക്കം നഗരസഭയിലെ 23ാം വാർഡായ താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ റോഡിന് അനുവദിച്ച ഫണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിനു തൊട്ടു പിന്നാലെ എംഎല്‍എ പിൻവലിച്ചത്.
വൈക്കം താലൂക്ക് ഹോസ്പിറ്റല്‍ ഭാഗത്തെ വയനവേലി റോഡ് പുനർനിർമാണത്തിന് എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച 15 ലക്ഷം രൂപയാണ് സിപിഐയുടെ എംഎല്‍എയായ സികെ ആശ പിൻവലിച്ചത്.
ഫണ്ട് പിൻവലിക്കണമെന്ന എംഎല്‍എയുടെ നിർദേശത്തെത്തുടർന്ന് നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ല കലക്ടർ വൈക്കം നഗരസഭാ സെക്രട്ടറിക്കു കത്തു നല്‍കിയതോടെയാണ് സംഭവം വിവാദത്തിലായത്.
എന്നാല്‍ എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണു നടപടിയെന്നാണ് വൈക്കം എംഎല്‍എയുടെ വിശദീകരണം. ലാപ്‌സാകാതെ സമയബന്ധിതമായി വർക്കുകള്‍ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ് ഫണ്ട് പിൻവലിച്ചതെന്നും എംഎല്‍എ ഫണ്ട് പരമാവധി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും സി.കെ. ആശ വിശദീകരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കഴിഞ്ഞ ജൂലൈ 18നാണ് റോഡ് നവീകരണത്തിന് ഫണ്ടില്‍നിന്നു തുക അനുവദിക്കാൻ എംഎല്‍എ സികെ ആശ ശുപാർശ നല്‍കിയത്. ജൂലൈ 29ന് എസ്റ്റിമേറ്റ് ലഭ്യമാക്കാൻ നഗരസഭാ സെക്രട്ടറിക്കു നിർദേശം നല്‍കി. എന്നാല്‍ ഈ മാസം 12ന് ഈ പ്രവൃത്തി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ കലക്ടർക്കു കത്തു നല്‍കുകയായിരുന്നു എംഎല്‍എ.
ഫണ്ട് അനുവദിച്ച സമയത്ത് എംഎല്‍എയെ അഭിനന്ദിച്ച് സ്ഥലത്ത് ഫ്ലെക്സ് ബോർഡുകളടക്കം വച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം വാഗ്ദാനം പിൻവലിച്ച സികെ ആശയുടെ നടപടി വലിയ വിമർശനത്തിനാണ് ഇടയാക്കിയത്. പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വാർഡ് ഇടത് പക്ഷത്തിന് നഷ്ടമായ സാഹചര്യത്തില്‍. കൊട്ടിഘോഷിച്ച്‌ഫ്ലെക്സടിച്ച് ആഘോഷിച്ച എംഎല്‍എയുടെ ഫണ്ട് വിതരണമാണ് മാസങ്ങള്‍ക്കിപ്പുറം വെറും വാക്കായത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ 23ാം വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി സോണി സണ്ണിയാണ് ജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് വാർഡ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഇതാണു ഫണ്ട് പിൻവലിക്കാൻ കാരണമെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. 4 വർഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ റോഡ്. വെള്ളക്കെട്ട് ഉണ്ടാകുന്ന റോഡ് ഉയർത്തി നിർമിക്കുന്നതിനു കൂടിയാണ് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. എസ്റ്റിമേറ്റ് അടക്കം പൂർത്തിയാക്കി നഗരസഭ നല്‍കിയിരുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലർ സോണി സണ്ണി പറയുന്നു.



