ബൈക്ക് ടാങ്കർ ലോറിയിൽ തട്ടി ദമ്പതികൾ മരിച്ചു ; അപകടം ഉണ്ടായത് കുഴിയിൽ ചാടാതിരിക്കാൻ ബസ് മാറ്റിയത് കണ്ട് ബൈക്ക് നിർത്താൻ ശ്രമിക്കുന്നതിനിടെ
സ്വന്തം ലേഖകൻ
തൃശൂർ : റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബസ് പെട്ടെന്നു വഴി മാറ്റിയതു കണ്ട് നിർത്താൻ ശ്രമിച്ച ബൈക്ക് ടാങ്കറിൽ തട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തൻചിറ വേലംപറമ്പിൽ ഷൈൻ (54), ഭാര്യ ബിന്ദു (45) എന്നിവരാണ് സിഗ്‌നൽ ജംക്ഷനിൽ ഉണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്.
ചാലക്കുടിയിൽ നിന്നു കൊരട്ടിയിലേക്കു ദേശീയപാതയിലൂടെ വരുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. പെട്ടെന്നു നിർത്തിയ ബൈക്കിൽ പിന്നിൽ നിന്നും വന്ന ടാങ്കർ തട്ടിയപ്പോൾ റോഡിൽ തലയിടിച്ചുവീണാണ് ഇരുവരുടെയും മരണമെന്നാണു പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുരിങ്ങൂരിലെ സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയ കെ.എസ.്ആർ.ടി.സി ബസ് ഉപറോഡിലെ കുഴികൾ മറികടക്കാനായി ദേശീയ പാതയിലേക്കു വെട്ടിച്ചു കയറ്റിയപ്പോഴായിരുന്നു അപകടം. സർവീസ് റോഡിനും ദേശീയപാതയ്ക്കുമിടെ ഇവിടെ ഡിവൈഡർ ഉണ്ടായിരുന്നില്ല. ഒരു മരണവീട്ടിലേക്കു പോകാൻ ദേശീയ പാതയിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് കെ.എസ.്ആർ.ടി.സി ബസിനെ മറികടക്കാനായില്ല.
തുടർന്ന് ബൈക്ക് നിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ദുരന്തം. ഇതുവഴി വന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു. ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.