
ആലപ്പുഴ (ഹരിപ്പാട്): ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഓടയുടെ നിർമാണം പൂർത്തിയാകാത്തത് വെള്ളക്കെട്ടിനു കാരണമാകുന്നു. ചെറിയ മഴ പെയ്താൽ പോലും കെഎസ്ആർടിസി ജംക്‌ഷനിൽ വെള്ളക്കെട്ടാകും. ഇതിന്റെ വശത്തുള്ള സർവീസ് റോഡിലൂടെയാണു വാഹനങ്ങൾ കടന്നു പോകുന്നത്. വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഒരു പോലെ വലയ്ക്കുകയാണ് റോഡിലെ വെള്ളക്കെട്ട്.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ബസുകൾ ദേശീയപാതയിലേക്കു പ്രവേശിക്കുന്നിടത്തെ വെള്ളക്കെട്ടു മൂലം യാത്രക്കാർ വലയുകയാണ്. കുഴികൾ നികത്താൻ മണ്ണും ഗ്രാവലും ഇറക്കിയിട്ടതു മൂലം വെള്ളവും ഗ്രാവലും കൂടി കുഴഞ്ഞ് കാൽനട പോലും സാധ്യമാകാത്ത വിധമായി.
കെഎസ്ആർടിസി ജംക്‌ഷൻ മുതൽ തെക്കോട്ട് വലിയ വെള്ളക്കെട്ടാണ്. മുൻപ് ഉണ്ടായിരുന്ന ഓട റോഡ് നവീകരണത്തിന്റെ ഭാഗമായി നികത്തിയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. ഓട നിർമിച്ച് വെള്ളം ഒഴുകി പോകാൻ സൗകര്യം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട നിർമിച്ചിട്ടുണ്ടെങ്കിലും പല സ്ഥലത്തും ഓടയിലേക്ക് വെള്ളം ഒഴുകി മാറുന്നില്ല. മഴ ശക്തമായാൽ ഇരുചക്രവാഹന യാത്രക്കാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
കരുവാറ്റ ടിബി ജംക്‌ഷനിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാതയിൽനിന്ന് കരുവാറ്റ റെയിൽവേ സ്റ്റേഷൻ റോഡിലേക്കു തിരിയുന്ന ഭാഗത്താണു വെള്ളക്കെട്ട് കൂടുതലായുള്ളത്. വലിയ വാഹനങ്ങൾ കടന്നു പോയപ്പോൾ പൈപ്പു പൊട്ടിയതാണ് ഇവിടെ വെള്ളക്കെട്ടിനു കാരണമായത്. മഴ മാറി വാഹനങ്ങൾ കടന്നു പോകുമ്പോൾ മണ്ണും പൊടിയും ഉയരുകയും ചെയ്യും.
റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാതയുടെ കരാറുകാരനു കത്തു നൽകിയിട്ടുണ്ട്.



