കോട്ടയം ഗാന്ധിസ്‌ക്വയറിൽ ലോറി ബ്രേക്ക് ഡൗണായി: നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്; അര മണിക്കൂറായിട്ടും ലോറി മാറ്റിയിട്ടില്ല

കോട്ടയം ഗാന്ധിസ്‌ക്വയറിൽ ലോറി ബ്രേക്ക് ഡൗണായി: നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്; അര മണിക്കൂറായിട്ടും ലോറി മാറ്റിയിട്ടില്ല

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ റോഡിനു നടുവിൽ മിനി ലോറി ബ്രേക്ക് ഡൗണായി. ഒരു മണിക്കൂറായി നഗരത്തിൽ ഗതാഗതക്കുരുക്ക്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിനും ജോസ്‌കോ ജൂവലറിക്കും മധ്യത്തിലുള്ള ഭാഗത്ത് മിനി ലോറി ബ്രേക്ക് ഡൗണായത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വന്ന ലോറി ഇവിടെ എത്തിയപ്പോൾ എഞ്ചിൻ തകരാറിനെത്തുടർന്ന് ഓഫ് ആകുകയായിരുന്നു. റോഡിനുനടുവിൽ ലോറി കുടുങ്ങിയതോടെ പിന്നാലെ എത്തിയ വാഹാനങ്ങളും കുരുങ്ങി. വാഹനങ്ങളുടെ നിര കോടിമത വരെ നീണ്ടു. ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ എത്തി വാഹനം നീക്കാൻ ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. തുടർന്ന് ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ ലോറി തള്ളി നീക്കാനായി ശ്രമം. എന്നാൽ ഇതും സാധിക്കാതെ വന്നു. ഇതോടെ ഗതാഗതക്കുരുക്കും അതി രൂക്ഷമായി. പന്ത്രണ്ടരയോടെ മെക്കാനിക്കുമാരെത്തി ലോറിയുടെ അറ്റകുറ്റപ്പണി നടത്തിയാണ് റോഡിന് നടുവിൽ നിന്നും നീക്കിയത്. ഇതിനകം തന്നെ നൂറ് കണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടങ്ങിയിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ തിരക്കുകൂടി ആയതോടെ നഗരം ശ്വാസം മുട്ടുകയായിരുന്നു.