ഗുരുതര കുറ്റത്തിനു പിഴ ഒഴിവാക്കി ; ചെറിയ കുറ്റങ്ങൾക്കു മാത്രം പിഴ ; സർക്കാരിനു നഷ്ടം 43.41 ലക്ഷം രൂപ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :വാഹന പരിശോധന നടത്തിയ സമയത്തു ഗുരുതര കുറ്റത്തിനു പിഴ ഒഴിവാക്കി ചെറിയ കുറ്റങ്ങൾക്കു മാത്രം പിഴ ചുമത്തിയതിലൂടെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 43.41 ലക്ഷം രൂപ സർക്കാരിനു നഷ്ടം വരുത്തിയതായി അക്കൗണ്ടന്റ് ജനറലിന്റെ റോഡ് സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തൽ. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ‌ജില്ലകളിൽ മാത്രം ഓഡിറ്റ് നടത്തിയപ്പോഴാണു 43 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയത്.

റജിസ്ട്രേഷൻ കാലാവധി തീർന്ന സ്വകാര്യ വാഹനം റോഡിൽ ഇറക്കിയാൽ മോട്ടർ വാഹന ചട്ടമനുസരിച്ച് 3000 രൂപ പിഴയടപ്പിക്കണം. ട്രാൻസ്പോർട്ട് വാഹനം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഓടിയാൽ മുച്ചക്ര വാഹനത്തിനു 2000, ലൈറ്റ് മോട്ടർ വെഹിക്കിളിന് 3000, മീഡിയം വാഹനത്തിന് 4000, ഹെവി വാഹനത്തിന് 5000 രൂപ എന്ന നിരക്കിലും പിഴയടപ്പിക്കണം. ഓഡിറ്റ് ടീം 5 ജില്ലകളിലെ 6 ലക്ഷത്തോളം ഇ–ചലാൻ ആണു പരിശോധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനാ സമയത്തു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതിരുന്ന 819 ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അതിനായി പിഴയടപ്പിച്ചില്ല. പകരം ഓവർ ലോഡ്, പെർമിറ്റ് തീർന്നു, ലൈസൻസ് ഇല്ല തുടങ്ങിയ കുറ്റങ്ങൾക്കു മാത്രമാണു പിഴയടപ്പിച്ചത്. ഇതിലൂടെ 24.12 ലക്ഷം രൂപ സർക്കാരിനു നഷ്ടമായി.

640 സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി പരിശോധനാ സമയത്തു കഴിഞ്ഞിരുന്നു. എന്നാൽ അതിനു പിഴയടപ്പിക്കാതെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, ലൈസൻസ് എന്നിവ ഇല്ലാത്തതിനാണു പിഴയടപ്പിച്ചത്. ഇതിലൂടെ 19.29 ലക്ഷം രൂപ നഷ്ടമായെന്നും ഓഡിറ്റിൽ പറയുന്നു. ഈടാക്കുന്ന പിഴത്തുകയുടെ 50% റോഡ് സുരക്ഷാ ഫണ്ടിലേക്കാണു പോകുന്നത്. റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാവുന്ന തുകയാണു ഫലത്തിൽ നഷ്ടപ്പെട്ടത്.