
ബംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിലേക്ക് സ്വയം വീണ് അപകടമുണ്ടായെന്ന് വരുത്തിത്തീർത്ത് പണം തട്ടാനുളള അജ്ഞാതയുവതിയുടെ ശ്രമം ഡ്രൈവർ വിഫലമാക്കി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എക്സ് ഉപയോക്താവായ ഷോണി കപൂർ എന്നയാളാണ് വീഡിയോ പോസ്റ്റുചെയ്തത്. കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇത്.
ബംഗളൂരുവിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. സാമാന്യം വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നു. റോഡിന് നടുവില്‍ നില്ക്കുന്ന യുവതിയെയും ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവർ ഹോണ്‍ മുഴക്കിയെങ്കിലും യുവതി മാറിയില്ല. ഇതുകണ്ട് ഡ്രൈവർ വേഗത കുറച്ചു. കാർ അടുത്തെത്തിയതോടെ യുവതി പെട്ടെന്ന് ബേണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അക്രമാസക്തമായ രീതിയിലായിരുന്നു പെരുമാറ്റം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണംതട്ടാനുള്ള ശ്രമമാണെന്ന് വ്യക്തമാതോടെ ഡ്രൈവർ പൊലീസ്, പൊലീസ് എന്ന് അലറിവിളിച്ചു. ഇത് കേട്ടതോടെ ഡ്രൈവർക്കുനേരെ ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് യുവതി റോഡുവക്കിലേക്ക് നടന്നുമാറി.
അപകടമുണ്ടായെന്ന് വരുത്തിത്തീർത്ത് പണം തട്ടുന്ന ഏർപ്പാട് വ്യാപകമാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ റോഡുകളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. ഇതിനാെപ്പം മുൻഗ്ളാസില്‍ മുട്ടയും എണ്ണയും പോലുളള വസ്തുക്കള്‍ എറിഞ്ഞ് കാർ നിറുത്തിച്ചശേഷം വിലപ്പെട്ടതെല്ലാം കവരുന്ന രീതിയും മോഷ്ടാക്കള്‍ സ്വീകരിക്കാറുണ്ട്.
വ്യാജ അപകടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഡാഷ് ക്യാമറയുടെ ആവശ്യകത നന്നായി വ്യക്തമായിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളും ഡാഷ് ക്യാമറയെ അനുകൂലിച്ചുകൊണ്ടുള്ളതായിരുന്നു. ഡാഷ് ക്യാമറ നിർബന്ധമാക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. വാഹനമോടിക്കുന്നവർക്ക് അപകടങ്ങളും വ്യാജ അപകടങ്ങളും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും അതിനാലാണ് ക്യാമറ നിർബന്ധമാക്കണെമന്ന് പറയുന്നതെന്നും അവർ പറയുന്നു.