സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 60 കി.മി വേഗം;ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിക്കാൻ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്.
ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീഷനൽ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്ന് 60 ആയി കുറക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളിൽ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.