കുഴിയില്ലാത്ത റോഡുകള്‍ക്കായി സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച ഒ പി ബി ആര്‍ സി പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂരില്‍

Spread the love

ഏറ്റുമാനൂര്‍ . കുഴിയില്ലാത്ത റോഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച റോഡ് സംരക്ഷണ പദ്ധതിയായ ഒ പി ബി ആര്‍ സി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഏറ്റുമാനൂരില്‍ നടക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ എം സി റോഡ് പരിപാലനമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. എം സി റോഡിന്റെ കോടിമത മുതല്‍ അങ്കമാലി വരെയുള്ള റീച്ച്‌, മാവേലിക്കര – ചെങ്ങന്നൂര്‍ റോഡ്, ചെങ്ങന്നൂര്‍ – കോഴഞ്ചേരി റോഡ് എന്നിവയുടെ ഏഴുവര്‍ഷ പരിപാലന പദ്ധതിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

ഏറ്റുമാനൂര്‍ ജംഗ്ഷനില്‍ വൈകിട്ട് മൂന്നിന് മന്ത്രി വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വീണാജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം പിമാരായ തോമസ് ചാഴികാടന്‍, എ എം ആരിഫ്, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സജി ചെറിയാന്‍, അനൂപ് ജേക്കബ്, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി എം ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഏറ്റുമാനൂര്‍ നഗരസഭാദ്ധ്യക്ഷ ലൗലി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

പരിപാലനപദ്ധതി അനുസരിച്ച്‌ ഏഴുവര്‍ഷത്തേയ്ക്കാണ് റോഡിന്റെ ചുമതല കരാറുകാരന് കൈമാറുക. ആദ്യത്തെ ഒന്‍പതു മാസം കൊണ്ട് ആദ്യഘട്ട പണികള്‍ പൂര്‍ത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് ജോലി ഏല്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിക്കായി 73.83 കോടി രൂപയാണ് ചെലവ്. 107. 153 കിലോമീറ്റര്‍ റോഡാണ് ഏഴു വര്‍ഷത്തെ പരിപാലന ചുമതലയ്ക്കായി കരാര്‍ നല്‍കിയിരിക്കുന്നത്