
റോഡിലെ കുഴികളിൽ വീണു മനുഷ്യർ മരിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി കവിതകൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നു ; ജോയ് മാത്യു
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തിലെ റോഡുകളിലെ കുഴികളിൽ വീണ് നിരവധി പേരുടെ ജീവനാണ് ദിവസേന നഷ്ടപ്പെടുന്നത്. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു സർക്കാർ സംവിധാനങ്ങളും മുന്നോട്ടുവരുന്നില്ല. ഈ വിഷയത്തിൽ സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. റോഡിലെ കുഴികൾ കിടങ്ങുകൾ എന്നിവയിൽ വീണു മനുഷ്യരും വാഹനങ്ങളും അപകടത്തിൽ പെട്ടാൽ അധികൃതർ കുറ്റം ഏറ്റെടുക്കുമോയെന്ന് ജോയ് മാത്യു ചോദിക്കുന്നു.
സിഗ്‌നൽ സംവിധാനത്തിലെ വീഴ്ചമൂലമോ മറ്റ് സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?
അടിക്കടി ഉയരുന്ന ഇന്ധന വില, വഴിനീളെ വാഹനഉടമകളെ പിഴിയുന്ന ടോൾ ഗേറ്റുകൾ. ഇതിനോടൊക്കെ എങ്ങിനെയാണ് അസംഘടിതരായ വാഹന ഉടമകൾ പ്രതിഷേധിക്കുകയെന്നും ജോയ് മാത്യു ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ റോഡിലെ കുഴികളിൽ വീണു മനുഷ്യർ മരിക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നത്. ഒന്നോ രണ്ടോ കുഴി, അല്ലെങ്കിൽ വേണ്ട പത്തുകുഴിയെങ്കിലുമാണെങ്കിൽ പത്തു കവിത സഹിച്ചാൽ മതിയായിരുന്നു. ഇതിപ്പോ കേരളത്തിലെ കുഴികളുടെ കണക്ക് വെച്ചു നോക്കുമ്പോൾ കവിതയുടെ എണ്ണം നമ്മളെ പേടിപ്പിക്കാതിരിക്കില്ല നികുതികൾ, പിഴകൾ,കുഴിയിൽ ചാടി മരണം.
അസംഘടിതരായ വാഹന ഉപയോക്താക്കളെ ആഹ്ലാദിപ്പിൻ. നിങ്ങൾക്കായ് കുഴിയടപ്പൻ കവിതകൾ വരും- ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കവിതകൾ കൊണ്ട് കുഴിയടക്കുന്ന വിദ്യ
————————————————–റോഡിലെ കുഴി കാരണം ബൈക്ക് യാത്രികനായ ബാങ്ക് മാനേജർ കെ. ഗിരീഷ് കുമാർ കണ്ണൂരിൽ മരണപ്പെട്ടു.
ആരോടാണ് പരാതിപ്പെടുക? കേരളത്തിൽ സംഘടിക്കാൻ പറ്റാത്തവരും നിരന്തരം ചൂഷണം ചെയ്യപ്പെടുന്നവരുമായി രണ്ടു ടീംസ് ആണുള്ളത്. ഒന്ന് മദ്യപന്മാരും മറ്റൊന്ന് മോട്ടോർ വാഹന ഉടമകളും.
ഈ രണ്ടുകൂട്ടർക്കും സംഘടിക്കാനോ സമരം ചെയ്യാനോ കഴിയില്ല. ഇത് ഭരിക്കുന്നവർക്കും അറിയാം.
മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല എന്ന് പൊതുവെ ഒരു ധാരണയുള്ളതുകൊണ്ടും വേണമെങ്കിൽ ഉപേക്ഷിക്കാവുന്നതുമാണല്ലോ എന്ന് കരുതുന്നതിനാലും അത്ര ഗുരുതരമായ ഒന്നായി അതിനെ കാണേണ്ടതില്ല. എന്നാൽ മോട്ടോർ വാഹനം ഉപയോഗിക്കുന്നവരുടെ ദുരന്തം ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ പുതിയ നിരക്കിലുള്ള പിഴയാണ് ഇപ്പോൾ ഒടുക്കേണ്ടത്. ട്രാഫിക് നിയമലംഘനത്തിന് വൻ തുക ഈടാക്കുക തന്നെ വേണം എന്നതിൽ സംശയമൊന്നുമില്ല.നിയമലംഘനം മൂലമുള്ള അപകടങ്ങൾ കുറയും. എന്നാൽ റോഡിലെ കുഴികൾ കിടങ്ങുകൾ എന്നിവയിൽ വീണു മനുഷ്യരും വാഹനങ്ങളും അപകടത്തിൽ പെട്ടാൽ അധികൃതർ കുറ്റം ഏറ്റെടുക്കുമോ? സിഗ്‌നൽ സംവിധാനത്തിലെ വീഴ്ചമൂലമോ മറ്റ് സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക?
അടിക്കടി ഉയരുന്ന ഇന്ധന വില, വഴിനീളെ വാഹനഉടമകളെ പിഴിയുന്ന ടോൾ ഗേറ്റുകൾ..
ഇതിനോടൊക്കെ എങ്ങിനെയാണ് അസംഘടിതരായ വാഹന ഉടമകൾ പ്രതിഷേധിക്കുക?
മൂന്നു രീതിയിലുള്ള പ്രതിഷേധങ്ങളേ വാഹനം ഉപയോഗിക്കുന്നവർക്ക് ചെയ്യാനാവൂ.
പ്രതിഷേധത്തിന്റെ സാധ്യതകൾ (പരാജയം കാരണങ്ങൾ ബ്രാക്കറ്റിലും )
1.വാഹനം റോഡിലിറക്കാത്ത ഷെഡിൽ തന്നെ സൂക്ഷിക്കുക . (അതോടെ ജോലിക്ക് പോകുന്നവരുടെയും വാഹനമോടിച്ചു ജീവിക്കുന്നവരുടെയും കാര്യം കട്ടപ്പൊക)
2.വാഹനം റോഡിൽ നിർത്തിയിട്ട് പ്രതിഷേധിക്കുക
( വണ്ടി കസ്റ്റഡിയിൽ എടുത്തു പോലീസ് അതു ജങ്ക് യാർഡിൽ കൊണ്ട് തള്ളും. അതോടെ അതിന്റെ കഥ കഴിഞ്ഞു. ഉടമക്ക് ഫൈൻ വേറെയും )
3.അവസാനകയ്യായി വാഹന ഉടമകൾ റോഡ് ടാക്‌സ് അടക്കാതെ പ്രതിഷേധിച്ചാലോ?
(വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചു കൊണ്ട് പോവുകയും ഫൈനിടുകയും ചെയ്യും )
മേൽ പറഞ്ഞ രീതിയിൽ അല്ലാതെ അസംഘടിതരായ വാഹനഉടമകൾക്ക് പ്രതിഷേധിക്കാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ വായനക്കാർക്ക് പറഞ്ഞുതരാവുന്നതാണ്.
പാലം പണിയിലെ അഴിമതിയിൽ ഐ എ എസ് കാരനായ ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പക്ഷെ അതിനെല്ലാം മുകളിലിരിക്കുന്ന വകുപ്പ് മന്ത്രിയെ സ്പർശിക്കുകപോലുമില്ല.
അതുകൊണ്ടാണ് ഇവിടെ റോഡിലെ കുഴികളിൽ വീണു മനുഷ്യർ മരിക്കുമ്‌ബോൾ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നത്.
ഒന്നോ രണ്ടോ കുഴി, അല്ലെങ്കിൽ വേണ്ട പത്തുകുഴിയെങ്കിലുമാണെങ്കിൽ പത്തു കവിത സഹിച്ചാൽ മതിയായിരുന്നു. ഇതിപ്പോ കേരളത്തിലെ കുഴികളുടെ കണക്ക് വെച്ചു നോക്കുമ്‌ബോൾ കവിതയുടെ എണ്ണം നമ്മളെ പേടിപ്പിക്കാതിരിക്കില്ല
നികുതികൾ, പിഴകൾ,കുഴിയിൽ ചാടി മരണം.
അസംഘടിതരായ വാഹന ഉപയോക്താക്കളെ ആഹ്ലാദിപ്പിൻ. നിങ്ങൾക്കായ് കുഴിയടപ്പൻ കവിതകൾ വരും
വാലില്ലാകഷ്ണം : പൊതുമരാമത്ത് വകുപ്പ് മന്ത്രി (ഇദ്ദേഹം കവിയുമാണ് )പൂനെയിലെ നിഗാഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ നടക്കുന്ന കവിസമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോയതിനു മഹാരാഷ്ട്ര പോലീസ് അനുമതി നിഷേധിച്ചതും റോഡിലെ കുഴികളും തമ്മിൽ ഒരു ബന്ധവുമില്ലെന്നുള്ളത് പറയാൻ മറന്നു.