റോഡിൽ യാത്ര ചെയ്യുന്നവരെല്ലാം കൊള്ളക്കാരും ക്രിമിനലുകളുമല്ല: മാന്യമായി ഇടപെടുക; നിയമലംഘനത്തിൽ തർക്കം ഒഴിവാക്കുക; റോഡിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം
സ്വന്തം ലേഖകൻ
കോട്ടയം: റോഡിൽ യാത്ര ചെയ്യുന്നവരെല്ലാം കൊള്ളക്കാരും ക്രിമിനലുകളും അല്ലെന്നും സാദാ നിയമലംഘകർ മാത്രമാണെന്നും മനസിലാക്കണമെന്നും ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം. പുതിയ കേന്ദ്ര വാഹന നിയമപ്രകാരം നിയമലംഘനങ്ങളുടെ തുക വർധിപ്പിച്ചതോടെ തെരുവുകളിൽ ഉടക്കുണ്ടാകുന്നത് ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവി കർശനമായി ഇടപെടുന്നത്. ഇതു സംബന്ധിച്ചുള്ള ആറു നിർദേശങ്ങളാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
ബൈക്കിലും കാറിലും വാഹനങ്ങളിലുമായി റോഡിൽ സഞ്ചരിക്കുന്നവരുടെ നിയമലംഘനങ്ങൾക്ക് ഇവരിൽ നിന്നും ഫൈൻ ഈടാക്കുമ്പോൾ ഇവർക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇവരുടെ ആഘോഷ വേളകൾ ഇല്ലാതാക്കുന്ന രീതിയിലാകരുത് പരിശോധന.
നിയമലംഘനം നടത്തുന്ന ആളുകളുമായി തർക്കിക്കാനോ ഇവരുമായി ഉടക്കാനോ ഉദ്യോഗസ്ഥർ തയ്യാറെടുക്കരുത്. പിഴ ഉടൻ അടയ്ക്കാൻ ആളുകളെ നിർബന്ധിക്കരുത്. പിഴ കോടതിയിൽ അടയ്ക്കാൻ സാവകാശമുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുക. അതുകൊണ്ടു തന്നെ വാഹന പരിശോധന തർക്കങ്ങളിലും സംഘർഷങ്ങളിലും കലാശിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
പിഴ അടയ്ക്കുന്നതിനായി നിയമം ലംഘിക്കുന്നവർ പൊലീസ് സ്റ്റേഷനിൽ എത്തിയാൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി ഇവരെ ഇവിടെ നിന്നു മടങ്ങാൻ അനുവദിക്കുക.
ഇതിനെല്ലാം ഉപരിയായി ഉദ്യോഗസ്ഥർ ഒരു കാര്യം ചിന്തിക്കുക, വാഹന പരിശോധനയുടെ ഭാഗമായി പിടിയിലാകുന്ന ആളുകൾ വെറും നിയമലംഘകർ മാത്രമാണ്. ഇവർ കൊടും ക്രിമിനലുകളോ കുറ്റവാളികളോ അല്ലെന്നുള്ള ചിന്തയോടെ മാത്രമേ സമീപിക്കാവൂ എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കുന്നു.
പരിശോധനകൾ ബോധവത്കരണത്തിലൂടെയും മുന്നറിയിപ്പിലൂടെയും വേണം നടപ്പിലാക്കാനെന്നും അദ്ദേഹത്തിന്റെ സർക്കുലർ വ്യക്തമാക്കുന്നു.