
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുവാതുക്കൽ മാണിക്കുന്നത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് ഓട്ടോഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. തിരുവാതുക്കൽ മഴുവഞ്ചേരിൽ റോയി കെ.തോമസ്, യാത്രക്കാരൻ ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ റോയി കെ.തോമസിനെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്കു സാരമായി പരിക്കേറ്റിട്ടുണ്ട്. വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം
രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാണിക്കുന്നം – വേളൂർ റോഡിലായിരുന്നു അപകടം. തിരുവാതുക്കൽ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഓട്ടോറിക്ഷ. ഈ സമയം കനത്ത കാറ്റിൽ പ്രദേശത്തെ മരം ഒടിഞ്ഞു വീണു. ഈ മരം വന്നു വീണത് പ്രദേശത്തു നിന്ന വൈദ്യുതി പോസ്റ്റിലായിരുന്നു. ഈ പോസ്റ്റ് വന്നു വീണത് ഓട്ടോറിക്ഷയ്ക്കു മുകളിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോഡ്രൈവർ റോയി കെ.തോമസും ചന്ദ്രനും പരിക്കുകളോടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുത്തത്. തുടർന്നു, ഇവരെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുത്ത ശേഷം നാട്ടുകാർ ചേർന്നു പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ റോയിയുടെ തലയ്ക്കു നാലു തുന്നിക്കെട്ട് വേണ്ടി വന്നിട്ടുണ്ട്.
മരവും വൈദ്യുതി പോസ്റ്റും വീണതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. അരമണിക്കൂറോളം റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്നു, അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്. ഇതേ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.