
തിരുനക്കര മൈതാനത്തിന് സമീപം സ്വകാര്യ ബസിടിച്ച് ലോട്ടറിക്കച്ചവടക്കാരൻ മരിച്ചു: മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നു സൂചന; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മൈതാനത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിനടിയിൽപ്പെട്ട് ലോട്ടറിക്കച്ചവടക്കാരൻ മരിച്ചു. ആനന്ദ് ഹോട്ടലിനു സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിയായ കാളിരാജാണ് മരിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ തിരുനക്കര മൈതാനത്തിനു സമീപത്തെ ഇടറോഡിലായിരുന്നു സംഭവം.
നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്നു ലോട്ടറി വിൽക്കുകയും, സെൻട്രൽ ജംഗ്ഷനിലെ ആനന്ദ് ഹോട്ടലിനു സമീപത്ത് സ്ഥിരമായി നിന്ന് ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുകയും ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത്. വെള്ളിയാഴ്ചയും പതിവ് പോലെ ലോട്ടറി ടിക്കറ്റ് വിൽപ്പനയ്ക്ക് ശേഷം ഇയാൾ തിരുനക്കര ഭാഗത്തേയ്ക്ക് നടക്കുകയായിരുന്നു. ഇതിനിടെ തിരുനക്കരയിലെ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ഇടിച്ചു റോഡിൽ വീണ, ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തൽക്ഷണം മരണം സംഭവിച്ചിരുന്നു. മൃതദേഹം ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. സംഭവത്തിൽ പൊലീസ് കേസെടുത്തു. അപകടത്തിനിടയാക്കിയ സെന്റ് തോമസ് ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.