മോട്ടോർ വാഹന വകുപ്പ് റോഡിൽ നിന്നും പിഴയായി ഈടാക്കിയത് രണ്ടു ലക്ഷം രൂപ: ഒരു മാസം നീളുന്ന പരിശോധനയുടെ രണ്ടാം ദിനവും നിരവധിപ്പേർ കുടുങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: നിയമംലംഘിച്ച് നിരത്തിലൂടെ കുതിച്ച് പായുന്ന മോട്ടോർ വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വഹന വകുപ്പ്. സംസ്ഥാന വ്യാപകമായി പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന പരിശോധനകളുടെ ഭാഗമായി ജില്ലയിലും കർശന പരിശോധന നടത്തി. രണ്ടാം ദിവസം 314 വാഹനങ്ങളിൽ നിന്നായി 2,00400 രൂപ പിഴയായി ഈടാക്കി. രണ്ടാം ദിവസവും പിഴ രണ്ടു ലക്ഷം കടന്നതോടെ ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടികളിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കാൻ സാധികകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത്.
അമിത വേഗത്തിൽ ബൈക്കുകൾ പായുകയും, വാഹനങ്ങളുടെ സ്റ്റണ്ടിങ് അടക്കം നടത്തുകയും ചെയ്യുന്ന നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്റർസെപ്റ്റർ ഉപയോഗിച്ച് സംയുക്ത വാഹന പരിശോധന നടത്തി. നിരവധി യാത്രക്കാരെ അമിത വേഗത്തിന്റെ പേരിൽ പിടികൂടിയിട്ടുണ്ട്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ച എട്ട് പേർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നും പിഴ ഈടാക്കാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച 85 ഇരുചക്ര വാഹന യാത്രക്കാർക്കെതിരെ നടപടിയെടുത്തു. സീറ്റ് ബൈൽറ്റ് ധരിക്കാതിരുന്ന 135 വാഹനയാത്രക്കാർക്കെതിരെയും, അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ച എട്ടു പേർക്കെതിരെയും, ലൈസൻസില്ലാതെ 13 വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയും, ഇൻഷ്വറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയ 18 ഉടമകൾക്കെതിരെയും,
ഫിറ്റ്‌നസും പെർമിറ്റും ഇല്ലാത്ത വാഹനങ്ങളുമായി സർവീസ് നടത്തിയ അഞ്ചു വാഹന ഉടമകൾക്കെതിരെയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. അമിത ഭാരം കയറ്റിയ മൂന്നു വാഹനങ്ങൾക്കും, എയർഹോൺ മുഴക്കിയ മൂന്ന് വാഹനങ്ങൾക്കും, ബ്രേക്ക് ലൈറ്റ് തെളിയാതിരുന്ന 10 വാഹനങ്ങൾക്കും പിടിവീണിട്ടുണ്ട്.
ലക്ഷങ്ങൾ മുടക്കി ഓൾട്ടറേഷൻ നടത്തിയ 19 വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ കുടുങ്ങിയത്. മറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 56 വാഹനങ്ങൾക്കെതിരെ നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ്, ആർ.ടി.ഒ വി.എം ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
Third Eye News Live
0