play-sharp-fill
യുവാവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം: ആറാം ദിവസവും ഡിവൈഎസ്പി കറങ്ങി നടക്കുന്നു; നാണംകെട്ട് തലയിൽ മുണ്ടിട്ട് പൊലീസ്

യുവാവിനെ റോഡിലെറിഞ്ഞ് കൊന്ന സംഭവം: ആറാം ദിവസവും ഡിവൈഎസ്പി കറങ്ങി നടക്കുന്നു; നാണംകെട്ട് തലയിൽ മുണ്ടിട്ട് പൊലീസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവാവിനെ റോഡിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ഡിവൈഎസ്പി ഹരികുമാർ ഒളിവിൽ തന്നെ.  ഡിവൈ.എസ്.പി കേരള – തമിഴ്നാട് അതിർത്തിയിലെ ഒളിത്താവളത്തിലുണ്ടെന്ന സൂചനയാണ് പൊലീസ് സംഘത്തിനു ലഭിച്ചിരിക്കുന്നത്.  ഡിവൈ.എസ്.പിയുമായി സൗഹൃദമുള്ള ക്വാറി ഉടമയുടെ റിസോർട്ടിലാണ് ഡിവൈഎഎസ്പി തങ്ങിയിരിക്കുന്നതെന്നാണ് സൂചന.  ഹരികുമാറും ഇയാൾക്കൊപ്പം നാടുവിട്ട കൊടങ്ങാവിള സ്വദേശി ബിനുവും ഒന്നിച്ച് ഇതേ റിസോർട്ടിൽ തന്നെയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്.
സനൽകുമാറിനെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ട് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തത് പൊലീസിനു കടുത്ത നാണക്കേടായി മാറിയിട്ടുണ്ട്. എന്നാൽ, കീഴടങ്ങാൻ ഹരികുമാർ ഇതുവരെയും തയ്യാറാകാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ ആമ്പരപ്പിക്കുന്നു. ഇതിനിടെ മുൻകൂർ ജാമ്യത്തിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിൽ ഹരികുമാർ അപേക്ഷ നൽകിയിട്ടുണ്ട്. കേസ് അടുത്ത 14 ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി വച്ചിരിക്കുകയാണ്. ഹർജിയിലെ തീരുമാനം അറിഞ്ഞശേഷം മാത്രം കീഴടങ്ങിയാൽ മതിയെന്നാണ് ഹരികുമാറിന്റെ തീരുമാനം.
ഇതിനിടെ ഹരികുമാറിനെ പിടികൂടാൻ പൊലീസ് യാതൊരു ശ്രമവും നടത്തുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്. കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഇതിനിടെ ഹരികുമാറിന്റെയും ബിനുവിന്റെയും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും കയറിയിറങ്ങി പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെയെല്ലാം ഫോൺ നമ്പർ ശേഖരിച്ച പൊലീസ് സംഘം ഈ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെ, സനൽ്കുമാറിന്റെ സ്ഥിതി ഗുരുതരമാണെന്നു തിരിച്ചറിഞ്ഞിട്ടും ഇയാളെ ആശുപത്രിയിലെത്തിക്കാതെ പ്രതി ഹരികുമാറുമായി രക്ഷപെട്ട കൂട്ടാളി ബിനുവിനെ ഇതുവരെ കേസിൽ പൊലീസ് പ്രതി ചേർത്തിട്ടില്ല. സംഭവത്തിൽ ബിനുവിനുള്ള ബന്ധം നേരിട്ട് ബോധ്യപ്പെട്ടിട്ട് പോലും പൊലീസ് ഇയാളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.  ഹരികുമാറിന്റെ സ്വാധീനവലയത്തിലുള്ള ക്വാറി ഉടമകളിൽ പലരുടെയും വീടുകളിൽ പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. മാദ്ധ്യമങ്ങളിലൂടെയോ ഫോൺ ബന്ധത്തിലൂടെയോ പൊലീസ് നടപടികൾ മനസിലാക്കുന്ന ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിക്കും വിധമാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മർദ്ദം ശക്തമായാൽ ഹരികുമാർ തിരുവനന്തപുരത്തോ കൊല്ലത്തോ ചിലപ്പോൾ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.