
വൈക്കം: നവകേരള സദസിൽ അവതരിപ്പിച്ച പദ്ധതികളിൽനിന്നു വൈക്കം നിയോജകമണ്ഡലത്തിലേക്ക് ഏഴ് കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി.
വടയാർ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിന്നും തലയോലപ്പറമ്പ് പള്ളിക്കവലവരെയുള്ള അഞ്ചര കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നവീകരണത്തിനും മറ്റ് അനുബന്ധ വികസന പ്രവൃത്തികള്‍ക്കുമായാണ് ഏഴുകോടി രൂപ അനുവദിച്ചിരിക്കുന്നത്.
നവകേരള സദസില്‍ സിപിഎം വടയാർ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയാർ മുതല്‍ തലയോലപ്പറമ്പ് വരെയുള്ള ഭാഗത്തെ താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ടുയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തില്‍ റോഡ് നവീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലവർഷം തുടരുന്ന സാഹചര്യത്തിൽ ചെറിയ വെള്ളപ്പൊക്കത്തില്‍ പോലും വടയാർ പാലത്തിനു പടിഞ്ഞാറ് ഭാഗത്തും ഇളങ്കാവ് ജംഗ്ഷനിലും പൊട്ടൻചിറ പമ്പിനും മുൻവശത്തും തോട് കവിഞ്ഞൊഴുകി ഗതാഗത തടസം ഉണ്ടാകുന്നത് സ്ഥിരം സംഭവമാണ്.
ഇപ്പോൾ അനുവദിച്ചിട്ടുള്ള ഫണ്ട് ഉപയോഗിച്ച് റോഡ് നിർമാണം പൂർത്തിയായാൽ, പ്രദേശത്ത് കാലങ്ങളായി നാട്ടുകാരും യാത്രക്കാരും അനുഭവിക്കുന്ന ദുരിതത്തിനാണ് ശമനമുണ്ടാവുന്നത്. തുടർ സാങ്കേതിക നടപടികളും അടിയന്തരമായി പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങള്‍ ഉടൻ തുടങ്ങാനാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്‍റെ ഓഫീസും സി. കെ.ആശ എംഎല്‍എയും അറിയിച്ചു.