ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ 60 ലക്ഷത്തിന്റെ റോഡ് വികസനം ;തലയാഴം, ഉദയനാപുരം, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക ചെലവഴിക്കുന്നത്
ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ
60 ലക്ഷത്തിന്റെ റോഡ് വികസനം ;തലയാഴം, ഉദയനാപുരം, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക ചെലവഴിക്കുന്നത്
കോട്ടയം: ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ വിവിധയിടങ്ങളിലായി 60 ലക്ഷം രൂപയുടെ റോഡ് വികസനം. തലയാഴം, ഉദയനാപുരം, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ പി.എസ്. പുഷ്പമണി പറഞ്ഞു.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആലുംചുവട് നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ആലുംചുവട് – ഓർസലേം പള്ളി റോഡിന്റെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
335 മീറ്റർ ദൈർഘ്യമുള്ള റോഡ് 16 ലക്ഷം രൂപ ചെലവഴിച്ച് മൂന്നര മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്. പ്രളയ ബാധിത പ്രദേശമായതിനാൽ വെള്ളപ്പൊക്ക സമയത്തെ ഗതാഗത തടസം ഒഴിവാക്കാനായി റോഡിന്റെ ഉയരം 50 സെന്റീമീറ്ററോളം ഉയർത്തും.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ തന്നെ ഐ.എച്ച്.ഡി.പി. കോളനി റോഡും 15 ലക്ഷം രൂപ ചെലവിൽ നവീകരിക്കും. കോളനി നിവാസികളെ വല്ലകം, വൈക്കം എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. തലയാഴം ഗ്രാമപഞ്ചായത്തിലെ കൂവം-കാളിശ്വരം റോഡ് 12 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിക്കുക. 301 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലുമാണ് റോഡ് നവീകരണം. തലയാഴം ഗ്രാമ പഞ്ചായത്തിലെ ചേന്തുരുത്ത്-കൂവം റോഡിന്റെ നവീകരണത്തിനായി അഞ്ചു ലക്ഷം രൂപ ചെലവഴിക്കും. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ചെമ്പ്- മത്തുംങ്കൽ റോഡ്- 12 ലക്ഷം രൂപ ചെലവിലാണ് നവീകരിക്കുക.
മത്തുംങ്കൽ പള്ളിയുടെ സമീപത്ത് നിന്നും ആരംഭിച്ച് വൈക്കം-എറണാകുളം പ്രധാന റോഡിലേക്ക് എത്തുന്ന റോഡ് 385 മീറ്റർ ദൈർഘ്യത്തിലും 3.75 മീറ്റർ വീതിയിലുമാണ് നവീകരിക്കുന്നത്.