
കോട്ടയം: വൈക്കം-വെച്ചൂർ റോഡില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെട്ടതോടെ ജനങ്ങൾ യാത്രാദുരിതത്തിൽ. ദിനംപ്രതി നിരവധി വാഹനങ്ങൾ, പ്രത്യേകിച്ച് ഭാരവാഹനങ്ങളടക്കമുള്ള നൂറുകണക്കിനു വാഹനങ്ങളുടെ നിരന്തര ഓട്ടത്തെത്തുടർന്നാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്.
ഈ റോഡിൻറെ അറ്റകുറ്റപ്പണി മാസങ്ങള്‍ക്കു മുമ്പ് നടത്തിയിരുന്നു. എന്നാൽ, കനത്ത മഴയെത്തുടർന്ന് വെള്ളം കെട്ടിനിന്നാണ് റോഡ് തകർന്നത്. വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപവും പാലത്തിന്‍റെ നടുവിലും, ബാറിന് മുന്നിലുമുള്ള റോഡിലും, തോട്ടകം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിനോട് ചേർന്നുള്ള വളവിലും, തലയാഴം സർവീസ് സഹകരണ ബാങ്കിന്റെയും കൃഷിഭവന്റെയും മുന്നിലുമാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
അതേസമയം, വൈക്കം മുതല്‍ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡില്‍ രൂപപ്പെട്ട കുഴികള്‍ ദിവസങ്ങൾ കഴിയുന്തോറും വലുതാകുകയാണ്. കുഴികളിൽ ചെന്നു ചാടാതെ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീഴുന്നതും യാത്രികർക്ക് പരിക്കേല്‍ക്കുന്നതും പതിവു സംഭവമാണ്. റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group