തിരഞ്ഞെടുപ്പിന് മുമ്പേ എൻഡിഎയിൽ പൊട്ടിത്തെറി; ആർ.എൽ.എസ്‌.പി  മുന്നണിയും വിട്ടു, കേന്ദ്രമന്ത്രി സ്ഥാനവും രാജിവെച്ചു

തിരഞ്ഞെടുപ്പിന് മുമ്പേ എൻഡിഎയിൽ പൊട്ടിത്തെറി; ആർ.എൽ.എസ്‌.പി മുന്നണിയും വിട്ടു, കേന്ദ്രമന്ത്രി സ്ഥാനവും രാജിവെച്ചു


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ ബിജെപി നയിക്കുന്ന എൻഡിഎയിൽ പൊട്ടിത്തെറി. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതംവയ്ക്കലിനെ ചൊല്ലി സഖ്യകക്ഷികളിലൊന്ന് മുന്നണി വിട്ടു. ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പിയാണ് മുന്നണി വിട്ടത്. നാളെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ആർഎൽഎസ്പി പങ്കെടുക്കില്ല. നിലിവൽ നരേന്ദ്രമോദി സർക്കാരിൽ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായ പാർട്ടി അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ മന്ത്രിസ്ഥാനം രാജിവച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിൽ അതൃപ്തിയുമായാണ് കുശ്വാഹ മുന്നണി വിടുന്നത്. നിതീഷ് കുമാറിന് ബിഹാറിൽ എൻഡിഎ നൽകുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആർഎൽഎസ്പിയ്ക്ക് കിട്ടാത്തതിൽ കുശ്വാഹയ്ക്ക് കടുത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് കൈയിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വാഹ ഇറങ്ങിപ്പോകുന്നത്.

ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരുന്ന വിശാല പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ കുശ്വാഹ പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്ക്കെയാണ് ബിജെപിക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്. അതേ സമയം, എൻഡിഎ വിടാനുള്ള കുശ്വാഹയുടെ തീരുമാനത്തിൽ പാർട്ടിയിൽ വിയോജിപ്പുള്ളതായാണ് സൂചന.
ആർഎൽഎസ്പിയുടെ വിമത എംപി അരുൺ കുമാർ ഉൾപ്പടെയുള്ള രണ്ട് എംപിമാർക്ക് കുശ്വാഹ എൻഡിഎ വിടുന്നതിനോട് യോജിപ്പില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group