
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി എ മുഹമ്മദ് റിയാസ്.
2021ൽ അന്നത്തെ പ്രതിപക്ഷ നേതാവ് യുഡിഎഫ് 110 സീറ്റുകൾ നേടുമെന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് അത് 100 ആയി കുറഞ്ഞിരിക്കുകയാണ്. അന്ന് എൽഡിഎഫിന് 99 സീറ്റുകൾ കിട്ടി. ഇപ്രാവശ്യം അതിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തി അധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മന്ത്രി പറഞ്ഞു. ഇതിനോട് യോജിക്കാൻ കഴിയില്ല എന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ട്. താൻ ഇത്തരത്തിൽ ഒരിക്കലും പറയില്ല. ഭാവിയിൽ പറയാനും പോകുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യകരമായ രാഷ്ട്രീയ സംവാദമാണ് ആവശ്യം. അൻവറിന്റെ വ്യക്തി അധിക്ഷേപത്തിനിരയായ ആദ്യത്തെ ആളല്ല താൻ. പല യുഡിഎഫ് നേതാക്കൾ, പാണക്കാട് തങ്ങൾ മുതൽ രാഹുൽ ഗാന്ധി വരെ അതിന് ഇരയായിട്ടുണ്ട് എന്നും റിയാസ് പറഞ്ഞു.
ബേപ്പൂരിൽ വികസനത്തിനാണ് വോട്ട് എന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയഭേദമന്യേയുള്ള വോട്ടുകളും തനിക്ക് ലഭിക്കും. ഇടത് തരംഗം തന്നെ നിലനിൽക്കുന്നുണ്ട് എന്നും റിയാസ് പറഞ്ഞു. താൻ എന്നും ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളത്. 82,000ലധികം വോട്ടുകൾ നേടി എൽഡിഎഫ് ബേപ്പൂർ പിടിക്കുമെന്നും റിയാസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്കാണ് അവസാനിക്കുക. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്.



