
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: റിവര്‍ ടൂറിസത്തിന്റ അനന്തസാധ്യത മുന്നില്‍ കണ്ട് വന്‍ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി മൂവാറ്റുപുഴ നഗരസഭ.
മൂവാറ്റുപുഴയാറ്റിലെ ഇരുകരയെയും ബന്ധിപ്പിച്ച് ലത ഡ്രീംലാന്‍ഡ് പാര്‍ക്കിനുസമീപം തൂക്കുപാലം നിര്‍മിക്കുന്നതുള്‍പ്പെടെ വന്‍ പദ്ധതികളാണ് നടപ്പാക്കുക.
മൂവാറ്റുപുഴ ആറിന്റ തീരത്തെ ഡ്രീംലാന്‍ഡ് പാര്‍ക്കും പുഴയും നെഹ്റു പാര്‍ക്കിലെ ചില്‍ഡ്രന്‍സ് പാര്‍ക്കും ബന്ധിപ്പിച്ച് പുഴയോര നടപ്പാതയും ബോട്ട് സര്‍വിസുമുള്‍പ്പെടെയാണ് നടപ്പാക്കുക. 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാകുന്നതോടെ ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ മൂവാറ്റുപുഴ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗര ഹൃദയഭാഗത്താണ് ഡ്രീംലാന്‍ഡ് പാര്‍ക്ക്. പാര്‍ക്ക് നവീകരിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. ഡ്രീംലാന്‍ഡ് പാര്‍ക്കിനെ രണ്ടായി തിരിച്ച് ഒരുഭാഗത്ത് വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള പാര്‍പ്പിട സമുച്ചയങ്ങളും മറുഭാഗത്ത് പുഴയോട് ചേര്‍ന്ന് പുതിയ റൈഡുകള്‍, ബോട്ടിങ്, കയാക്കിങ്, തൂക്കുപാലം, ഗ്ലാസ് പാലം, സീപ്ലെയിന്‍ എന്നിവയും നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇവിടെനിന്ന് നിലവിലുള്ള പുഴയോര നടപ്പാത നെഹ്റു ചില്‍ഡ്രന്‍സ് പാര്‍ക്ക് വരെ ദീര്‍ഘിപ്പിക്കും. ഡ്രീംലാന്‍ഡ് പാര്‍ക്കില്‍നിന്ന് പുഴയിലേക്ക് ഇറങ്ങാന്‍ ജെട്ടിയും ഇരുകരയെയും ബന്ധിച്ച് തൂക്കുപാലവും നിര്‍മിക്കും.മൂവാറ്റുപുഴ പാര്‍ക്കിനെ സ്വാഭാവിക പാര്‍ക്ക് എന്ന രീതിയില്‍ നിലനിര്‍ത്തുന്നതാണ് രണ്ടാം ഭാഗത്തെ പദ്ധതികള്‍. നിലവില്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുട്ടികളുടെ വിനോദ ഉപകരണങ്ങള്‍ക്ക് പുറമെ 60 മീറ്റര്‍ നീളം വരുന്ന ഗ്ലാസ് പാലം നിര്‍മിക്കും.
മറ്റൊന്ന് തുടക്ക ഭാഗത്തുനിന്ന് ആരംഭിച്ച് പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് അവസാനിക്കുകയും അവിടെനിന്ന് പുഴയുടെ മധ്യഭാഗത്ത് എത്തിച്ചേരുകയും ചെയ്യുന്ന തരത്തില്‍ സീപ്ലെയിന്‍ നിര്‍മിക്കും. പുഴ തീരത്ത് വ്യത്യസ്തമായ ഉയരത്തില്‍ രണ്ട് ബോട്ട്ജെട്ടികള്‍ നിര്‍മിച്ച് ഒരുഭാഗം കയാക്കിങ്, റിവര്‍ റാഫിറ്റിങ്, മെഷീന്‍ ബോട്ട് എന്നിവയുടെ സഹായത്തോടെ മൂവാറ്റുപുഴയെ വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം നല്‍കാന്‍ കഴിയും.