
റിട്ടയർ ചെയ്ത പോലീസ് നായകൾക്കും രാജകീയ ജീവിതം ; ഫാനും നീന്തൽ കുളത്തിനും പിന്നാലെ കൊതുകും ഈച്ചയും കടിക്കാതിരിക്കാൻ പ്രത്യേക സംവിധാനവും
സ്വന്തംലേഖകൻ
തൃശ്ശൂർ: കഴിഞ്ഞ ദിവസം ഏവരെയും അമ്പരപ്പെടുത്തി വന്ന ഒന്നാണ് ഒന്നരക്കോടി രൂപയുടെ വിയ്യൂർ ജയിലിലെ ഫൈവ് സ്റ്റാർ അടുക്കള. ഇതിനു പിന്നാലെ ഇപ്പോൾ റിട്ടയർ ചെയ്ത പോലീസ് നായയ്ക്ക് നൽകിയിരിക്കുന്ന സുഖസൗകര്യങ്ങളാണ് ചർച്ചയാകുന്നത്. ഇതും അമ്പരപ്പിക്കുന്നത് തന്നെയാണ്. ഫാൻ, ടിവി, നീന്തൽക്കുളം, കൊതുകും ഈച്ചയും ശല്യപ്പെടുത്താതിരിക്കാൻ പ്രത്യേക ഉപകരണം ഇങ്ങനെ നീളും സുഖസൗകര്യങ്ങൾ. നായകൾക്ക് പൊതുവെ പതിമൂന്നു മുതൽ പതിനഞ്ചു വർഷം വരെയാണ് ആയുസ്. ജനിച്ച് നിമിഷങ്ങൾ കഴിയുമ്പോൾ തന്നെ പരീശലനം ആരംഭിക്കും. ഒരു വർഷം കഴിയുമ്പോൾ പോലീസിൽ ഡ്യൂട്ടി ആരംഭിക്കും.അഞ്ചു മുതൽ എട്ടു വരെയാണ് സർവീസ്. ശേഷം വിരമിക്കൽ ആണ്. പ്രായാധിക്യമുള്ള നായകളെ പിന്നെ ആരും തന്നെ ഏറ്റെടുക്കാൻ തയ്യാറാവില്ല. ഇതേ തുടർന്ന് സ്വകാര്യ നായ വളർത്തൽ കേന്ദ്രങ്ങളിലാണ് പിന്നീട് ഏൽപ്പിക്കുക. എന്നാൽ അവിടെ വലിയ ദുരിത ജീവിതമാണ് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇവർക്കായി പ്രത്യേകം കൂടൊരുക്കിയിരിക്കുകയാണ്.ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്വപ്ന പദ്ധതിയായിരുന്നു വിരമിച്ച നായകൾക്ക് സുഖവാസ കേന്ദ്രം. അങ്ങനെയാണ് തൃശ്ശൂർ രാമവർമ്മ പുരം പോലീസ് അക്കാദമിയിൽ സുഖവാസ കേന്ദ്രം നിർമ്മിച്ചത്. വിരമിച്ച ഏഴു പോലീസ് നായകളെ ഈ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ രണ്ടു ഡസൻ നായകളെ പാർപ്പിക്കാവുന്ന വെവ്വേറെ മുറികളാണ് ഒരുക്കിയിട്ടുള്ളത്. കോമൺ വരാന്ത വേറെ. മുറിയിൽ ഇരുന്നു ബോറടിച്ചാൽ വരാന്തയിൽ ഒന്ന് ഇറങ്ങി നടക്കാം.കാറ്റുകൊള്ളാം. ഇനി, അതും ബോറടിയാണെങ്കിൽ കളിക്കാൻ പ്രത്യേക സ്ഥലമുണ്ട്. കളിച്ചു മതിയായാൽ അൽപ്പ നേരം ടിവി കാണാം. രണ്ടു സഹായികളെ ഓരോ നായകൾക്കും ഏർപ്പാടാക്കിയിട്ടുണ്ട്. 24 മണിക്കൂറാണ് ഈ സഹായികളുടെ ഡ്യൂട്ടി. ഇതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ നായകൾക്കു വേണമെങ്കിൽ നീന്തിതുടിക്കാം. വിഭവ സമൃദ്ധമായ ഭക്ഷണം. സെല്ലിനകത്ത് വെള്ളം കുടിക്കാൻ പ്രത്യേക സംവിധാനം. ചൂണ്ട്, ഈ ഉപകരണത്തിൽ തൊട്ടാൽ മതി വെള്ളം താനേ വായിലേക്ക് വീഴും. വയസായി തീരെ വയ്യാതാകുമ്‌ബോൾ വെള്ളം കുടിക്കാൻ ഈ സംവിധാനം ഉപകരിക്കുമെന്നാണ് അധികൃതർ പറയുന്നത്.കൊതുകും ഈച്ചയും ശല്യപ്പെടുത്താതിരിക്കാൻ പ്രത്യേക ഉപകരണമാണ് മുറിയ്ക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ളത്. കളിക്കാനായി പന്ത് ഉൾപ്പെടെയുള്ളവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും മുറി അടിച്ചുവാരി വൃത്തിയാക്കാൻ വേറെ ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ വൃത്തിയുടെ കാര്യത്തിൽ സംശമില്ല. എല്ലാം ക്ലീനായിരിക്കും. എല്ലാം കൊണ്ടും, വിരമിച്ച നായകൾക്ക് സുഖവാസ കേന്ദ്രം തന്നെയാണ് ഇവിടം.