
സ്വന്തം ലേഖകന്‍
ലണ്ടന്‍: അരനൂറ്റാണ്ട് കാലം ഇന്ത്യയെ കോളനിയാക്കി അടക്കി ഭരിച്ച ബ്രിട്ടന്റെ ഭരണതലപ്പത്ത് ഒരു ഇന്ത്യക്കാരന്‍ എത്തുന്നു. കാലത്തിന്റെ കാവ്യനീതിയെന്നോ ചരിത്രത്തിന്റെ അപൂര്‍വ്വതയെന്നോ ഇതിനെ വിളിക്കാമെങ്കിലും. ജീവിതം കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ട് കൊണ്ടുപോയ ഒരു 42 വയസുകാരന്റെ കഠിനാധ്വാനത്തിന്റെ വിജയമെന്ന് പറയുന്നതാണ് യാഥാര്‍ത്ഥ്യം. അതിസമ്പന്നനും കരുത്തനുമായ രാഷ്ട്രീയനേതാവില്‍ നിന്നും ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ഋഷി സുനകിന്റെ ജീവിതം അറിയേണ്ടത് തന്നെയാണ്.
വിശാല ഇന്ത്യയിലെ പഞ്ചാബില്‍ ജനിച്ച് ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് ഋഷി സുനക്. ഋഷിയുടെ പിതാവ് യശ്വീര്‍ സുനാക് ജനിക്കുന്നത് കെനിയയിലാണ്. മാതാവ് ഉഷയുടെ ജനനം ടാന്‍സാനിയയിലും. സ്തുത്യര്‍ഹമായ സേവനത്തിന് ബ്രിട്ടിഷ് സര്‍ക്കാര്‍ നല്‍കുന്ന മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ (എംബിഇ) പുരസ്‌കാരത്തിന് അമ്മയുടെ പിതാവ് അര്‍ഹനായിട്ടുണ്ട്. 1960ലാണ് ഇവരുടെ കുടുംബം കുട്ടികളുമൊത്ത് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. 1980ലാണ് കുടുംബത്തിലെ മൂത്ത മകനായി ഋഷിയുടെ ജനനം. സഞ്ജയ്, രാഖി എന്നീ സഹോദരങ്ങളുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓക്‌സ്ഫഡിലും സ്റ്റാന്‍ഫഡിലുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഗോള്‍ഡ്മാന്‍ സാക്‌സ് ഉള്‍പ്പടെ പ്രമുഖ കന്പനികളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി. സ്വന്തം നിക്ഷേപക സഹായ കന്പനികള്‍. ഇതെല്ലാം വിട്ട് എട്ട് വര്‍ഷം മുന്പ് 33 വയസ്സില്‍ രാഷ്ട്രീയ പ്രവേശനം. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷിത മൂര്‍ത്തിയാണ് ജീവിത പങ്കാളി. യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ വച്ചാണ് ഋഷി അക്ഷതയെ പരിചയപ്പെടുന്നത്. ഇരുവരുടേയും സൗഹൃദം വൈകാതെ പ്രണയമായി. 2009ലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നീ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്ക്.
2015ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്കെത്തി. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്.ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ലിസ്ട്രസിനോട് തോല്‍വി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്‌പേ ശക്തമായ തിരിച്ചുവരവ്. അതും പാര്‍ട്ടിയിലെ കരുത്തരായ ബോറിസ് ജോണ്‍സണേയും പെന്നി മോര്‍ഡന്റിനേയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ.
സാംസ്‌കാരികവും മതപരവുമായ പാരമ്പര്യം ഭാരതീയതയില്‍ ഊന്നിക്കൊണ്ടുള്ളതാണെന്ന് പറയുമ്പോഴും നൂറു ശതമാനവും ബ്രിട്ടിഷുകാരനാണെന്നാണ് ഋഷി പറയുന്നത്. താനൊരു ഹിന്ദുമതവിശ്വാസിയാണെന്ന് തുറന്നു പറയാനും ഋഷിക്ക് മടിയില്ല. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിനും അഭിമാന മുഹൂര്‍ത്തമാണിത്.