18 ന് ഋഷിരാജ് സിംഗ് മാന്നാനത്ത് ക്രിക്കറ്റ് കളിക്കും: സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയിൽ 18 ന് തിരിതെളിയും
സ്വന്തം ലേഖകൻ
കോട്ടയം: പതിനാറാമത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ജനുവരി 18, 19, 20 തീയതികളില്‍ കോട്ടയത്തു നടക്കും. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 19 രാവിലെ 8,30-ന് എക്‌സൈസ്-തൊഴില്‍ വകുപ്പു് മന്ത്രി റ്റി. പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും, എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ഒരു യൂണിഫോംഡ് ഫോഴ്‌സിന് ആവശ്യമായ കായികശേഷി നിലനിര്‍ത്തുന്നതിന് പ്രോല്‍സാഹ നാര്‍ഹമായ രീതിയില്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2002 മുതല്‍ എല്ലാ വര്‍ഷവും എക്‌സൈസ് വകുപ്പില്‍ കലാ-കായിക മത്സരങ്ങള്‍ നടത്തിവരികയാണ്. പതിനാല് ജില്ലകളിലും നടത്തിയ മത്സരങ്ങളിലെ വിജയികളായ 1200 പേരാണ് സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ജില്ലാതലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അതത് കായിക വിഭാഗങ്ങളിലെ ഒഫീഷ്യല്‍സാണ് കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ദീപശിഖാ പ്രയാണം 18ന് രാവിലെ, കഴിഞ്ഞ മേള നടന്ന പാലക്കാടുനിന്നും ആരംഭിച്ച് വൈകുന്നേരത്തോടെ ജില്ലാ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിച്ചേരും. കോട്ടയം ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്വീകരിച്ച് നാഗമ്പടം സ്റ്റേഡിയത്തിലെത്തിക്കും. മത്സരങ്ങള്‍ കോട്ടയം മുന്‍സിപ്പല്‍ സ്റ്റേഡിയം, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, സെന്റ് എഫ്രേം ക്രിക്കറ്റ് സ്റ്റേഡിയം മാന്നാനം, ദര്‍ശന ഓഡിറ്റോറിയം എന്നീ 4 വേദികളില്‍വച്ച് നടക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, കലാ-കായിക പ്രതിഭകള്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജില്ലാ കളക്ടര്‍, പോലീസ് മേധാവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് (ജനുവരി 18) രാവിലെ എട്ടിന് നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് വയനാട് ടീമിന്റെ ക്യാപ്‌ററനായി കളിക്കും.
2002 മുതല്‍ നടത്തിവന്നിരുന്ന മേളകളില്‍ ഓരോ പ്രാവശ്യവും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ നിയമാവലി അനുസരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായികോത്സവം എന്നിവ അടിസ്ഥാനമാക്കി സര്‍ക്കാര്‍ അംഗീകരിച്ച ‘കേരള സംസ്ഥാന എക്‌സൈസ് കലാ-കായികമേള മാനുവല്‍’ പ്രകാരമാണ് മത്സരങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍നിന്നുമുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മുതല്‍ എക്‌സൈസ് ഡ്രൈവര്‍ വരെയുള്ള ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മേളയില്‍ പങ്കെടുക്കും. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും പല കാറ്റഗറികളിലായി 110 കായിക മത്സരങ്ങളും നൂറോളം കലാ-മത്സരങ്ങളും നടക്കും. ജില്ലാതല മത്സരങ്ങളില്‍ വിജയികളായവര്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളീബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, കബഡി, ചെസ് തുടങ്ങിയ ഐറ്റങ്ങളില്‍ സോണല്‍ തലത്തില്‍ വിജയിച്ചവരാണ് സംസ്ഥാനതലത്തില്‍ മത്സരത്തിനെത്തുന്നത്.
ജനുവരി 20 വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സുരേഷ് കുറുപ്പ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.